കൊച്ചി: ഇടപ്പള്ളി ചങ്ങമ്പുഴസ്മാരക ഗ്രന്ഥശാല സംഘടിപ്പിച്ച മഹാകവി ചങ്ങമ്പുഴയുടെ 115–-ാം ജന്മദിനാഘോഷ പരിപാടികൾ സമാപിച്ചു. സമാപനദിവസം “സംസ്കാരത്തിന്റെ മുദ്രകൾ ചങ്ങമ്പുഴ കവിതകളിൽ’ വിഷയത്തിൽ കേരള ലിറ്ററസി മിഷൻ ഡയറക്ടർ എ ജി ഒലീന പ്രഭാഷണം നടത്തി. കെ ആർ സതീഷ് അധ്യക്ഷനായി. എൻ ബി സോമൻ, വിഷ്ണു വേണുഗോപാൽ എന്നിവർ സംസാരിച്ചു.
രാവിലെ തെക്കേ വാഴക്കുളം കാവ്യകലാകേന്ദ്രം സെന്ററിലെ വിദ്യാർഥികൾ അക്ഷരശ്ലോകസദസ്സും കാവ്യകേളിയും അവതരിപ്പിച്ചു. തുടർന്ന് ചങ്ങമ്പുഴ കലാവേദിയുടെ വാർഷികം ഡബിങ് ആർട്ടിസ്റ്റ് ശ്രീനാഥ് കെ ജനാർദനൻ ഉദ്ഘാടനം ചെയ്തു. കലാമത്സരവിജയികൾക്ക് സമ്മാനം നൽകി. തുടർന്ന് കലാവേദി ഗായകരുടെ ഗാനമേളയോടെ മൂന്നുദിവസമായി നടന്ന ചങ്ങമ്പുഴയുടെ ജന്മദിനാഘോഷത്തിനും ഗ്രന്ഥശാലയുടെ 75–-ാം വാർഷികാഘോഷങ്ങൾക്കും സമാപനമായി.

