കൊച്ചി: രക്താതിസമ്മർദം, അമിതവണ്ണം, പക്ഷാഘാതം എന്നിവയുടെ പ്രതിരോധം കേന്ദ്രീകരിച്ച് കാർഡിയോവാസ്കുലാർ റിസർച്ച് സൊസൈറ്റി (സിവിആർഎസ്) സംഘടിപ്പിക്കുന്ന ദ്വിദിനസമ്മേളനം കൊച്ചി മെറിഡിയൻ കൺവൻഷൻ സെന്ററിൽ തുടങ്ങി. കൃഷിമന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. ഹൃദ്രോഗം നേരത്തേ കണ്ടെത്താനും ജീവിതശൈലി പരിഷ്കരണത്തിനും സ്ഥിരം സംവിധാനങ്ങളും രീതികളും സ്ഥാപിക്കേണ്ട സമയമാണിതെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. സിവിആർഎസ് പ്രസിഡന്റ് ഡോ. പി പി മോഹനൻ, സെക്രട്ടറി ഡോ. എ ജാബിർ, ഡോ. അനിൽ ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.
പൊതുജനാരോഗ്യത്തിനും ക്ലിനിക്കൽ മെഡിസിനും നൽകിയ സംഭാവനകൾ മുൻനിർത്തി കൊച്ചി ലൂർദ് ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. പോൾ പുത്തൂരാന് സിവിആർഎസ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി. ഉയർന്ന രക്തസമ്മർദം, ഹൃദയസ്തംഭനം, ലിപിഡ് മാനേജ്മെന്റ്, അമിതവണ്ണം എന്നിവയെക്കുറിച്ചുള്ള സെഷനുകളിൽ രാജ്യത്തെ 100-ലധികം കാർഡിയോളജിസ്റ്റുകളും 1000 ഫിസിഷ്യൻമാരും പങ്കെടുത്തു. സമ്മേളനം സമാപിച്ചു.
