കളമശ്ശേരി : കേരളത്തിലെ ഏറ്റവും വലിയ കാർഷികോത്സവങ്ങളിൽ ഒന്നായ കളമശ്ശേരി കാർഷികോത്സവം ആഗസ്റ്റ് 26 മുതൽ സെപ്തംബർ വരെ നടക്കും. വ്യവസായ മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘കളമശ്ശേരി കാർഷികോത്സവ’ത്തിൻ്റെ മൂന്നാം പതിപ്പാണിത്. ചലച്ചിത്രനടൻ പൃഥ്വിരാജ് കാർഷികോത്സവം ഉദ്ഘാടനം ചെയ്യും. കളമശ്ശേരി ചാക്കോളാസ് ഗ്രൗണ്ടിലാണ് പ്രത്യേകം തയ്യാറാക്കിയ കാർഷികോത്സവ നഗരി. നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രിമാരായ പി.പ്രസാദ്, എം.ബി. രാജേഷ്, ഒ.ആർ കേളു, മജീഷ്യൻ ഗോപിനാഥ് മുതുകാട്, മറ്റ് ജനപ്രതിനിധികൾ, കാർഷിക- കലാ-സാഹിത്യ -വ്യവസായ മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ വിവിധ ദിവസങ്ങളിലായി പരിപാടിക്കെത്തും. 132 സ്റ്റാളുകളാണ് കാർഷികോൽസവത്തിനായി സജ്ജീകരിച്ചിട്ടുള്ളത്. വിപുലമായ കാർഷിക പ്രദർശന- വിപണനമേളയിൽ എല്ലാത്തരം കാർഷികോൽപന്നങ്ങളുമുണ്ടാകും. കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി കളമശ്ശേരി മണ്ഡലത്തിൽ തുടക്കം കുറിച്ച പുതിയ കാർഷിക വിളകളുടെ വിൽപനയുണ്ടാകും. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന മൂല്യവർധിത യൂണിറ്റുകളിൽ നിന്നുള്ള ഉൽപന്നങ്ങളും വിൽപനക്കെത്തും. കൃഷി ഉപകരണങ്ങൾ, കൃഷി അനുബന്ധ ഉൽപന്നങ്ങൾ എന്നിവയുമുണ്ടാകും. വ്യവസായ പ്രദർശനമാണ് മേളയുടെ ഇത്തവണത്തെ മറ്റൊരു പ്രത്യേകത. കളമശ്ശേരി മണ്ഡലത്തിലെ വ്യവസായികളുടേയും സംരംഭകരുടേയും സംഗമവും സംഘടിപ്പിക്കുന്നുണ്ട്. ഭക്ഷ്യമേളയിൽ തനതു രുചികളായ അട്ടപ്പാടി വനസുന്ദരി ചിക്കൻ, രാമശ്ശേരി ഇഡ്ഡലി, കുടുംബശ്രീ വിഭവങ്ങൾ, പായസവിഭവങ്ങൾ, നാടൻ തട്ടുകട, ‘കൂവ – കൂൺ വിഭവങ്ങൾ, ചെറുധാന്യ വിഭവങ്ങൾ എന്നിവ മുതൽ പ്രമുഖ സ്റ്റാർ ക്യൂസീനുകൾ വരെ അണിനിരക്കും. പാചക മത്സരവും സംഘടിപ്പിക്കും. കാർഷികോൽപന്നങ്ങൾക്കു പുറമേ, കയർ, മുള, കൈത്തറി ഉൽപന്നങ്ങളുടെ സ്റ്റാളുകളും ഉണ്ടാകും. പൊക്കാളി അരി, കടുങ്ങല്ലൂർ കുത്തരി, കാളാഞ്ചി തുടങ്ങിയ വൈവിധ്യമാർന്ന ഉൽപന്നങ്ങളും വിഭവങ്ങളും ഒരുക്കുന്നുണ്ട്. കാർഷികോത്സവ നഗരിയിൽ ഒരുക്കുന്ന ലേലത്തറയിൽ വ്യത്യസ്ത ഉൽപന്നങ്ങൾ വിൽപന നടത്തും. പ്രത്യേക സമ്മാന കൂപ്പണും ഇത്തവണ അവതരിപ്പിച്ചിട്ടുണ്ട്. 1000 രൂപക്ക് മേൽ ഉൽപനങ്ങൾ വാങ്ങുന്നവർക്ക് നറുക്കെടുപ്പിലൂടെ സമ്മാനം നൽകും. കളമശ്ശേരി മണ്ഡലത്തിലെ കലാകാരൻമാർ അവതരിപ്പിക്കുന്ന കലാപരിപാടികൾ എല്ലാ ദിവസവും അരങ്ങേറും. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാക്കളും കളമശ്ശേരി സ്വദേശികളുമായ ഡോ. എം. ലീലാവതി, സേതു, പ്രൊഫ. എം. തോമസ് മാത്യു, സുഭാഷ് ചന്ദ്രൻ, ഗ്രേസി എന്നിവർക്കുള്ള ആദര സമ്മേളനം, വിവിധ രംഗങ്ങളിലെ പുരസ്കാര ജേതാക്കളെ ആദരിക്കുന്ന പ്രതിഭാ സംഗമം, വയോജന സംഗമം, ഹരിത കർമ്മസേനാ സംഗമം, കുട്ടി കർഷക സംഗമം എന്നിവ വിവിധ ദിവസങ്ങളിലായി സംഘടിപ്പിക്കും. സിനിമയിൽ 40 വർഷം പൂർത്തിയാക്കിയ സംവിധായകൻ സിബി മലയിലിനെ ആദരിക്കും. ആഗസ്റ്റ് 26 ന് വൈകിട്ട് നാലിന് നടക്കുന്ന സാംസ്കാരിക ഘോഷയാത്രയോടെ കാർഷികോൽസവത്തിന് തുടക്കമാകും.
കളമശ്ശേരി കാർഷികോത്സവം 26 മുതൽ സെപ്തം: 2 വരെ; പൃഥ്വിരാജ് ഉദ്ഘാടനം ചെയ്യും
