നെടുമ്പാശ്ശേരി: ആഭ്യന്തര ടൂറിസം വിപണിയും ലോജിസ്റ്റിക്സ് മേഖലയും അതിവേഗം വളരുന്ന സാഹചര്യം കണക്കിലെടുത്ത് സിയാലിനെ ഒരു ട്രാൻസിറ്റ് ഹബ്ബാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കണമെന്ന് വ്യോമയാന ഉച്ചകോടിയിൽ പങ്കെടുത്ത വിദഗ്ധർ അഭിപ്രായപ്പെട്ടു.
കേരളത്തെ ആഗോള ഡെസ്റ്റിനേഷനാക്കാൻ ലക്ഷ്യമിട്ട് നടത്തിയ പാനൽ ചർച്ചയിൽ പങ്കെടുത്ത വിദഗ്ധർ ഒന്നടങ്കം സിയാലിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് അഭിപ്രായപ്പെട്ടു. കേരളത്തിലെ ടൂറിസം മേഖലയുടെ വികസനത്തിന് വ്യോമയാന വ്യവസായം നിർണായക സ്വാധീനം ചെലുത്തുന്നുണ്ടെന്ന് ടൂറിസം സെക്രട്ടറി കെ. ബിജു ചൂണ്ടിക്കാട്ടി. ഹോട്ടൽ ശൃംഖല ശക്തിപ്പെടുത്തണമെന്നും ഊബർ മോഡൽ ടാക്‌സി സംവിധാനങ്ങളും ഉണ്ടായി വരണമെന്നും ട്വന്റി 14 ഹോൾഡിംഗ്‌സ് ആൻഡ് ലുലു ഫിനാൻസ് ഹോൾഡിംഗ്‌സ് സ്‌ഥാപകനും എം.ഡിയുമായ അദീപ് അഹമ്മദ് അഭിപ്രായപ്പെട്ടു. ദുബായിൽ എമിറേറ്റ്സ് ആരംഭിച്ചത് പോലെയുള്ള ഹോം ചെക്ക് ഇൻ സൗകര്യം ആരംഭിച്ചാൽ യാത്ര ആയാസരഹിതമാക്കാൻ കഴിയുമെന്നും അദ്ദേഹം നിർദേശിച്ചു.
കേരളത്തിലെ വാണിജ്യ, വിനോദ സഞ്ചാര മേഖലയുടെ വികസനത്തിന് സിയാൽ ചാലകശക്തിയാണെന്ന് എറണാകുളം ജില്ലാ കലക്റ്റർ ജി. പ്രിയങ്ക പറഞ്ഞു. കൂടുതൽ നിക്ഷേപകരെ ആകർഷിക്കാൻ സിയാലിന് കഴിയുമെന്നും അവർ ചൂണ്ടിക്കാട്ടി.
മെഡിക്കൽ വിസ ചട്ടങ്ങൾ ലഘൂകരിക്കണമെന്ന് പ്രമുഖ റോബോട്ടിക് സർജൻ ഡോ. ദീപക് കൃഷ്ണപ്പ അഭിപ്രായപ്പെട്ടു.
കണക്റ്റിവിറ്റി ശക്തിപ്പെടുത്തണമെന്നും സിയാലിൽ നിന്നും ചെറിയ എയർ ക്രാഫ്റ്റുകൾ സർവീസ് ആരംഭിക്കണമെന്നും എയർ ഏഷ്യ ജനറൽ മാനേജർ സുരേഷ് നായർ പറഞ്ഞു.
ബിനാലെ പോലുള്ള സംരംഭങ്ങൾ വിജയത്തിലെത്തിക്കാൻ സിയാൽ നൽകുന്ന സംഭാവനകൾ വലുതാണെന്ന് ബോസ് കൃഷ്ണമാചാരി പറഞ്ഞു. ഹ്രസ്വദൂര ടൂറിസ വികസനത്തിലൂടെ, ആലപ്പുഴ പോലുള്ള സമീപ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഹെലി ടാക്സി, സീ പ്ലെയ്ൻ സർവീസുകൾ ആരംഭിക്കാൻ കഴിഞ്ഞാൽ നന്നായിരിക്കുമെന്നും അദ്ദേഹം നിർദേശിച്ചു.