Posted in

ചങ്ങമ്പുഴയുടെ 115-ാം
ജന്മദിനാഘോഷം നാളെ തുടങ്ങും

കൊച്ചി: മഹാകവി ചങ്ങമ്പുഴയുടെ 115-ാം ജന്മദിനാഘോഷവും ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയുടെ 75-ാം വാർഷികവും വെള്ളി മുതൽ 12 വരെ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടക്കും. വെള്ളി രാവിലെ ഒന്പതിന് ചങ്ങമ്പുഴ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയോടെ പരിപാടികൾക്ക് തുടക്കം കുറിക്കും.10ന് ചങ്ങമ്പുഴ പാർക്കിൽ നടക്കുന്ന കവിയരങ്ങ് കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യും. ചങ്ങമ്പുഴ കലാവേദിയുടെ 34–-ാം വാർഷികവും ഇതോടൊപ്പം നടക്കും. വൈകിട്ട് അഞ്ചിന് ചങ്ങമ്പുഴ കലാവേദിയുടെ പഞ്ചാരിമേളം അരങ്ങേറും. ആറിന് ചങ്ങമ്പുഴ അനുസ്മരണ സമ്മേളനം അഡ്വ. കെ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്യും. പ്രൊഫ. എസ് കെ വസന്തൻ അനുസ്മരണ പ്രഭാഷണം നടത്തും. ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള, ഷാജി ജോർജ് പ്രണത എന്നിവർ പങ്കെടുക്കും. 7.30ന് സുനിൽ പള്ളിപ്പുറം സിനിമ കച്ചേരി അവതരിപ്പിക്കും.

11ന്‌ രാവിലെ 10ന് ക്ലാസിക് സിനിമയുടെ കാലികപ്രസക്തി ചർച്ച. വൈകിട്ട് 5 30ന് “ചങ്ങമ്പുഴയും കാൽപ്പനികതയും’ വിഷയത്തിൽ പ്രൊഫ. എസ് ജോസഫും “സാഹിത്യവും അധികാരവും’ വിഷയത്തിൽ ഡോ. ടി എസ് ശ്യാംകുമാറും പ്രഭാഷണം നടത്തും. 7.30ന് അന്തിക്കാട് നാടകവീട് അവതരിപ്പിക്കുന്ന ‘വെയ്യ് രാജാ വെയ്യ്’ നാടകം.

12ന്‌ രാവിലെ 10ന് അക്ഷരശ്ലോകസദസ്സ്. 11ന് കാവ്യകലാകേന്ദ്രം തെക്കേ വാഴക്കുളത്തിന്റെ കാവ്യകേളിസദസ്സ്. 5.30ന് “സംസ്കാരത്തിന്റെ മുദ്രകൾ ചങ്ങമ്പുഴ കവിതകളിൽ’ വിഷയത്തിൽ ഡോ. എ ജി ഒലീനയുടെ പ്രഭാഷണം. തുടർന്ന് 6.30ന് ചങ്ങമ്പുഴ കലാവേദിയുടെ വാർഷികാഘോഷം. 7.30ന് ചങ്ങമ്പുഴ കലാവേദി അവതരിപ്പിക്കുന്ന ഗാനമേളയോടെ സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *