കൊച്ചി: നാലാംവാർഷികം ആഘോഷിച്ച് കൊച്ചി @സമൃദ്ധി. കുറഞ്ഞനിരക്കിൽ സ്വാദൂറും ഭക്ഷണം നൽകി ലക്ഷങ്ങളുടെ വിശപ്പകറ്റിയ സമൃദ്ധി കൂടുതൽ ഇടങ്ങളിലേക്ക് എത്തുന്നതിന്റെ ആഹ്ലാദത്തിലും അഭിമാനത്തിലുമായിരുന്നു ആഘോഷം. കേന്ദ്രനഗരവികസന മന്ത്രാലയ മുൻ സെക്രട്ടറി എം രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. മേയർ എം അനിൽകുമാർ അധ്യക്ഷനായി.
ഐആർസിടിസി –ഇ കാറ്ററിങ് വഴി ഓൺലൈനായി ബുക്ക് ചെയ്‌താൽ ട്രെയിൻ യാത്രക്കാർക്ക് സമൃദ്ധി ഭക്ഷണം ലഭ്യമാക്കുന്നതിന്റെ ഉദ്‌ഘാടനം ഡെപ്യൂട്ടി മേയർ കെ എ അൻസിയ നിർവഹിച്ചു. ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള മുഖ്യപ്രഭാഷണം നടത്തി. സ്ഥിരംസമിതി അധ്യക്ഷരായ സി ഡി വത്സലകുമാരി, സി എ ഷക്കീർ, കൗൺസിലർ ഷീബ ലാൽ, സെക്രട്ടറി പി എസ് ഷിബു, ടി എം റെജീന, മിനി ജോഷി, ലത ബാബു എന്നിവർ സംസാരിച്ചു. തുടർന്ന് സമൃദ്ധി ജീവനക്കാരുടെ കലാപരിപാടികളുമുണ്ടായി.
2021 ഒക്ടോബറിലാണ് കോർപറേഷൻ സമൃദ്ധി പദ്ധതി ആരംഭിച്ചത്. കുറഞ്ഞനിരക്കിൽ നല്ലഭക്ഷണം നൽകി അതിവേഗം ജനകീയമായി. ആദ്യം 10 രൂപയ്‌ക്കായിരുന്നു ഉൗണ്. ഇപ്പോൾ 20 രൂപ. ജിസിഡിഎയിലും കൊച്ചി കപ്പൽശാലയിലും സമൃദ്ധി തുടങ്ങി. ഇവിടെ വില വ്യത്യാസമുണ്ട്. ജനശതാബ്‌ദി, പരശുറാം, ഇന്റർസിറ്റി, വേണാട് ട്രെയിനുകളിൽ സമൃദ്ധി ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. പൈതൃകനഗരവും സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രവുമായ ഫോർട്ട് കൊച്ചിയിലും ഉടൻ ആരംഭിക്കും. ഫാക്ടിലും തുടങ്ങാൻ പദ്ധതിയുണ്ട്. നോർത്ത് റെയിൽവേ സ്‌റ്റേഷൻവഴിയുള്ള ട്രെയിനുകളിലെ യാത്രക്കാർക്കാണ് ഐആർസിടിസി ഇ കാറ്ററിങ് വഴി ബുക്ക് ചെയ്‌താൽ സമൃദ്ധി ഭക്ഷണം ലഭ്യമാകുക.
