കൊച്ചി: കായിക മേഖലയില്‍ ചെലവഴിക്കുന്നത് സാമൂഹ്യ സേവന പരിപാടിയല്ലെന്നും യുവജനതയ്ക്കും രാജ്യത്തിനുമുള്ള നേട്ടമാണെന്നും തിരിച്ചറിയണമെന്നും കേരള ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്റും ഗ്രൂപ്പ് മീരാന്‍ ചെയര്‍മാനുമായ നവാസ് മീരാന്‍ പറഞ്ഞു. കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ കെ എം എ ഇന്‍സൈറ്റ് എക്‌സ് സീരിസില്‍ ‘ദി ട്രിപ്ള്‍ പ്ലേ: സ്‌പോര്‍ട്‌സ്, നാഷണന്‍ ബില്‍ഡിംഗ് ആന്റ് കോര്‍പറേറ്റ് റെസ്‌പോണ്‍സിബിലിറ്റി’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതാണ് പലപ്പോഴും നമുക്ക് കായിക രംഗത്ത് വളര്‍ച്ച കൈവരിക്കാന്‍ സാധിക്കാതെ പോകുന്നതിന് കാരണം. ഏത് കായിക ഇനമാണെങ്കിലും അതിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ പദ്ധതികള്‍ കൃത്യമായി തയ്യാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കായിക മേഖല വികസിക്കാനും കൂടുതല്‍ സാമ്പത്തികം പ്രസ്തുത മേഖലയിലേക്ക് ലഭ്യമാക്കാനുമായി മികച്ച സൗകര്യങ്ങള്‍ ഒരുക്കുകയും സ്ത്രീകളേയും കുട്ടികളേയും ഉള്‍്‌പ്പെടെ കുടുംബങ്ങള്‍ സ്റ്റേഡിയത്തിലേക്ക് എത്തുകയും വേണം. കായിക മത്സര്ങ്ങള്‍ നടക്കുന്ന സ്‌റ്റേഡിയത്തില്‍ ഏറ്റവും മികച്ച ശൗചാലയ സംവിധാനങ്ങളുണ്ടാവുകയെന്നത് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കാഴ്ചക്കാരെ എത്തിക്കാനുള്ള ഏറ്റവും അടിസ്ഥാന കാര്യമാണെന്നും നവാസ് മീരാന്‍ ചൂണ്ടിക്കാട്ടി.കായിക മേഖലയ്ക്ക് ആവശ്യമായ പണം ലഭ്യമാകുമ്പോള്‍ അത് പ്രസ്തുത മേഖലയുടെ വികസനത്തിന് തന്നെ ഉപയോഗപ്പെടുത്താനാവണമെന്നും അഴിമതി ഉള്‍പ്പെടെ ഇല്ലാതാവണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കായിക പ്രവര്‍ത്തനങ്ങളിലൂടെ സാമ്പത്തിക നേട്ടം കിട്ടിത്തുടങ്ങുമ്പോള്‍ ഇത് വെറും വിനോദം മാത്രമല്ലെന്നും ജീവിത ചുറ്റുപാടുകള്‍ സൃഷ്ടിക്കാന്‍ ഉതകുന്ന മേഖല കൂടിയാണെന്നും തിരിച്ചറിയുന്നതോടെ കൂടുതല്‍ ശ്രദ്ധ ഈ രംഗത്തിന് ലഭിക്കുമെന്നും നവാസ് മീരാന്‍ പറഞ്ഞു.
കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. കെ എം എ വൈസ് പ്രസിഡന്റും പ്രോഗ്രാം കമ്മിറ്റി ചെയറുമായ ദിലീപ് നാരായണന്‍ സ്വാഗതവും സെക്രട്ടറി കെ അനില്‍ വര്‍മ നന്ദിയും പറഞ്ഞു.