കൊച്ചി: കായികാധ്യാപകരുടെ നിസഹകരണ സമരം ജില്ലാ കായിക മേളയേയും ബാധിച്ചേക്കുമെന്ന് ആശങ്ക. കായികാധ്യാപകരുടെ സമരം ഈ നിലയില്‍ തുടര്‍ന്നാല്‍ 11ന് ആരംഭിക്കുന്ന റവന്യൂ ജില്ലാ സ്കൂള്‍ കായികമേളയെ അത് ബാധിച്ചേക്കുമെന്ന ആശങ്കയുമുണ്ട്. സബ് ജില്ലകളിലേതു പോലെ ജില്ലാ മീറ്റ് ചടങ്ങ് തീര്‍ക്കുന്നതുപോലെ നടത്താന്‍ കഴിയില്ല. ഇവിടെ മികവ് പുലര്‍ത്തുന്നവരാണ് സംസ്ഥാന മീറ്റിലേക്ക് പങ്കെടുക്കാന്‍ യോഗ്യത നേടുന്നത്.
കായികാധ്യാപകര്‍ മാറി നില്ക്കുന്നതിനാല് മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ ജില്ലാ അത്ലറ്റിക് അസോസിയേഷനില്‍ നിന്ന് 35 ഒഫീഷ്യല്‍സിനെ നിയോഗിച്ചുണ്ട് ഓരോ ഇനങ്ങളും നിയന്ത്രിക്കുന്നത് ഇവരാകും. ഇവരെ സഹായിക്കാന്‍ സമരത്തില്‍ നിന്ന് മാറി നില്ക്കുന്ന 20 കായികാധ്യാപകരുമുണ്ട്. നിലവില്‍ ജില്ലയില്‍ 140 കായിക അധ്യാപരുണ്ട്. വേദികളില്‍ അധ്യാപകരുടെ പ്രതിഷേധം ഉണ്ടായേക്കാമെങ്കിലും മത്സരങ്ങള്‍ തടസപ്പെടുത്തുന്ന നില ഉണ്ടായേക്കില്ലെന്നാണ് കായികാധ്യാപകരുടെ പ്രതിനിധികള്‍ പറഞ്ഞത്. കായിക അധ്യാപരുടെ ഒഴിവ് നികത്തുക, ഹൈസ്കൂള്‍ വിഭാഗത്തില്‍ ജോലിയെടുക്കുന്ന കായിക അധ്യാപകര്‍ക്ക് ഇതേ ഗ്രേഡിലുള്ള അധ്യാപകര്‍ക്ക് നല്കുന്ന വേതനം ലഭ്യമാക്കുക, കായികാധ്യാപക നിയമത്തിലെ അപ്രായോഗിക മാനദണ്ഡങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കായികാധ്യാപകര്‍ നിസഹകരണ സമരം ആരംഭിച്ചത്.
