സ്വര്‍ണത്തെ ചെമ്പാക്കുന്ന ദേവസ്വം ബോര്‍ഡിന്റെ രസതന്ത്രത്തിന് നോബല്‍ സമ്മാനം നല്‍കണം: മുഹമ്മദ് ഷിയാസ്
കൊച്ചി: ശബരിമല ക്ഷേത്രത്തില്‍ സംഭാവനയായി ലഭിച്ച സ്വര്‍ണം ചെമ്പെന്ന പേരില്‍ കടത്തിയ സംഭവത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധ പന്തം കൊളുത്തി കോണ്‍ഗ്രസ്. ജില്ലയിലെ 130 കേന്ദ്രങ്ങളിലാണ് പ്രതിഷേധം നടന്നത്. ക്ഷേത്രത്തിന് ലഭിച്ച സ്വര്‍ണത്തെ ചെമ്പെന്ന വ്യാജേന കടത്തിയതിന് പിന്നില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്നും, ദേവസ്വം വകുപ്പ് മന്ത്രിയും, ബോര്‍ഡ് പ്രസിഡന്റും തല്‍സ്ഥാനം രാജിവെക്കണമെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. സ്വര്‍ണത്തെ ചെമ്പാക്കുന്ന ദേവസ്വം ബോര്‍ഡിന്റെ രസതന്ത്രത്തിന് നോബല്‍ സമ്മാനം നല്‍കണമെന്ന് അദ്ദേഹം പരിഹസിച്ചു.
സര്‍ക്കാരിന്റെയും, ദേവസ്വം ബോര്‍ഡിന്റെയും സഹായമോ, അറിവോ ഇല്ലാതെ ഇത്രയും വലിയ തട്ടിപ്പ് നടക്കില്ലെന്നും, ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് മുകളില്‍ ഉന്നതരുടെ ഇടപെടല്‍ ഉണ്ടെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു. അമ്പലം വിഴുങ്ങികളെ കണ്ടെത്തും വരെ കോണ്‍ഗ്രസ് പ്രതിഷേധം തുടരുമെന്നും, വിശ്വാസികളെ വഞ്ചിക്കുകയാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്നും, തുടക്കത്തില്‍ ശബരിമലയിലേക്ക് സ്ത്രീകളെ ഒളിച്ചു കടത്തിയ സര്‍ക്കാര്‍ ഇപ്പോള്‍ സ്വര്‍ണ കൊള്ള മറക്കാനാണ് കപട അയ്യപ്പ വേഷം കെട്ടിയതെന്ന് പൊതുജനത്തിന് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. നേതാക്കളായ എൻ വേണുഗോപാൽ, എംആർ അഭിലാഷ്, കെ വി പി കൃഷ്ണകുമാർ, അബ്ദുൾ ലത്തീഫ്, വിജു ചുളക്കൻ, സനൽ നെടിയതറ, ആൻ്റെണി പൈനുംതറ, കെ എം കൃഷ്ണ ലാൽ, സീന ടീച്ചർ, മിന്നാ വിവേര, ജിസ്മി ജെറാൾഡ്,കെ വി ജോൺസൻ, ഒ ഡി സേവിയർ, ശോഭ റെജിലാൽ , സുധീർ, സിജു തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
