Posted in

തദ്ദേശ തിരഞ്ഞെടുപ്പ് : ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ആരംഭിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനു മുന്നോടിയായി റിട്ടേണിംഗ് ഓഫീസർമാർ, അസിസ്റ്റൻ്റ് റിട്ടേണിംഗ് ഓഫീസർമാർ, ഇലക്ഷൻ ക്ലർക്കുമാർ എന്നിവർക്കുള്ള പരിശീലന പരിപാടിയ്ക്ക് തുടക്കം. മൂന്നുദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഇന്നലെ ജില്ലാ കളക്ടർ ജി പ്രിയങ്ക നിർവഹിച്ചു. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ പരമാവധി ജാഗ്രത പുലർത്തണമെന്ന് കളക്ടർ പറഞ്ഞു. ഒരു റിട്ടേണിംഗ് ഓഫീസർ കീഴിൽ 14 മുതൽ 33 വരെ വാർഡുകളാണ് വരുക. ഓരോ വാർഡിലെയും ഓരോ വോട്ടും ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. ചിലപ്പോൾ ഒരു വോട്ടാണ് ജയപരാജയങ്ങളെ നിശ്ചയിക്കുക. അതിനാൽ അത്രയേറെ സൂക്ഷ്മമായി വേണം ഉദ്യോഗസ്ഥർ പ്രവർത്തിക്കാൻ. തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള അറിയിപ്പുകളും വിവരങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ മാധ്യമങ്ങൾക്ക് വലിയ പങ്കാണുള്ളതെന്നും അതിനാൽ മാധ്യമങ്ങളോട് നല്ല ബന്ധം പുലർത്താൻ ശ്രമിക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു.

ഇന്നലെ ആലങ്ങാട്, അങ്കമാലി, ഇടപ്പള്ളി ,കൂവപ്പടി, കോതമംഗലം ബ്ലോക്ക് പഞ്ചായത്തുകൾക്ക് കീഴിലുള്ള ഗ്രാമ പഞ്ചായത്തുകളിലെ ഉദ്യോഗസ്ഥർക്കുള്ള പരിശീലനമാണ് നടന്നത്. ഇന്ന് മൂവാറ്റുപുഴ, മുളന്തുരുത്തി, പള്ളുരുത്തി, പാമ്പാക്കുട, പാറക്കടവ്, പറവൂർ ബ്ലോക്ക് പഞ്ചായത്തിലെ ഗ്രാമപഞ്ചായത്തുകൾക്കും, വ്യാഴാഴ്ച ജില്ലാ പഞ്ചായത്ത്, വടവുകോട്, വാഴക്കുളം, വൈപ്പിൻ ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകൾ, കൊച്ചി മുൻസിപ്പൽ കോർപ്പറേഷൻ, മുൻസിപ്പാലിറ്റികൾ എന്നീ തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കുമാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

കാക്കനാട് സിവിൽ സ്റ്റേഷനിലെ കോൺഫറൻസ് ഹാൾ, ജില്ലാ പ്ലാനിംഗ് ഹാൾ എന്നിവിടങ്ങളിലായി രാവിലെ 10 മുതൽ 5 വരെയാണ് പരിശീലനം. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ തുടക്കം മുതൽ അവസാന ഘട്ടം വരെയുള്ള എല്ലാ നടപടിക്രമങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള പരിശീലന പരിപാടിയിൽ എല്ലാ ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *