────────
കൊച്ചി: കൂര്‍ക്കംവലി ഗുരുതര ആരോഗ്യപ്രശ്നത്തിന്റെ മുന്നോടിയാണെന്ന് ആരോഗ്യവിദഗ്ദ്ധര്‍. കൊച്ചി സൊസൈറ്റി ഓഫ് ഓറല്‍ ആന്റ് മാക്സിലോഫേഷ്യല്‍ സര്‍ജന്‍സും (കെഎസ്ഒഎംഎസ്) അസോസിയേഷന്‍ ഓഫ് ഓറല്‍ ആന്റ് മാക്സിലോഫേഷ്യല്‍ സര്‍ജന്‍സ് ഇന്ത്യ (എഒഎംഎസ്ഐ) കേരള ചാപ്റ്ററും ചേര്‍ന്ന് ‘ശരിയായ ഉറക്കം’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച തുടര്‍വിദ്യാഭ്യാസ ശില്പശാലയിലാണ് ഈ നിരീക്ഷണം. ഉറക്കത്തിനിടെ ശ്വസനനാളിയിലെ തടസ്സം മൂലം ശ്വാസോച്ഛ്വാസഗതിയിലുണ്ടാകുന്ന തടസ്സങ്ങള്‍ ഹൃദ്രോഗം, പ്രമേഹം, സ്ട്രോക്ക്, പകല്‍സമയത്തെ ക്ഷീണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് ശ്വാസകോശ, ഇഎൻടി, ന്യൂറോളജി, ഓറല്‍ ആന്റ് മാക്സിലോഫേഷ്യൽ, ഡെന്റൽ തുടങ്ങിയ ചികിത്സാമേഖലയില്‍ നടന്ന ശില്പശാലയില്‍ പങ്കെടുത്ത വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.
ഉറക്കത്തിൽ ഒട്ടേറെ തവണ ശ്വാസം നിലച്ചുപോകുന്ന അവസ്ഥയാണ് ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ (ഒഎസ്എ). ഇതിന് പ്രധാന കാരണം അമിത വണ്ണമാണ്. ജന്മനാ താടിയെല്ലിനുണ്ടാകുന്ന വൈകല്യങ്ങൾ (ചെറിയ താടിയെല്ല്, കൂടുതൽ പുറകോട്ടു തള്ളിയ താടിയെല്ല്), മൂക്കിനുളളിലുണ്ടാകുന്ന തടസ്സങ്ങൾ (പാലത്തിന്റെ വളവ്, ദശ വളർച്ച), ചെറിയ കഴുത്ത്, തൈറോയ്ഡിന്റെ പ്രവർത്തനക്കുറവ്, അമിത രക്തസമ്മർദം, പ്രമേഹം, പാരമ്പര്യ ഘടകങ്ങൾ, കുട്ടികളിലെ അഡിനോയ്ഡ് ഗ്രന്ഥിയുടെ അമിത വളർച്ച തുടങ്ങിയവയൊക്കെ സ്ലീപ് അപ്നിയയ്ക്കുള്ള സാധ്യത വർധിക്കുന്നതിനിടയാകുന്ന കാരണങ്ങളാണ്. കൂര്‍ക്കംവലി മൂലം ശ്വസനം നിലയ്ക്കുകയോ, സെക്കന്റുകള്‍ തടസ്സപ്പെടുകയോ പലതവണ സംഭവിക്കുമ്പോള്‍ രക്തത്തിലെ ഓക്സിജന്റെ അളവിനേയും ആരോഗ്യത്തേയും പ്രതികൂലമായി ബാധിക്കുന്നു. പൊതുവേ 40 വയസ്സിനു ശേഷം പുരുഷന്മാരിലാണ് ഇത്തരം പ്രശ്നങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. കൂര്‍ക്കംവലി, പകല്‍സമയത്ത് അനുഭവപ്പെടുന്ന ക്ഷീണം, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങള്‍ ഹൃദയത്തിലും തലച്ചോറിലും ഗുരുതരമായ തകരാറുകള്‍ക്ക് കാരണമായേക്കാമെന്നതിനാല്‍ ഈ ലക്ഷണങ്ങളെ അവഗണിക്കരുതെന്ന് ആരോഗ്യവിദഗ്ദ്ധര്‍ നിര്‍ദ്ദേശിച്ചു. ഒഎസ്എ സംശയിക്കുന്നവര്‍ ഉറക്കപഠന (പോളിസോമ്നോഗ്രഫി) ത്തിനു വിധേയമാകുന്നത് ഉചിതമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ശരീരത്തില്‍ കഴുത്തുള്‍പ്പെടയുള്ള ഭാഗങ്ങളിൽ കൊഴുപ്പ് കുറയ്ക്കുന്നതും വശത്തേയ്ക്കു ചരിഞ്ഞുറങ്ങുന്നതും ലഹരി വര്‍ജ്ജിക്കുന്നതും അഭികാമ്യമാണ്.
ഡോ. സുബ്രഹ്മണ്യ അയ്യര്‍, ഡോ. വര്‍ഗ്ഗീസ് മാണി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൊച്ചി അസോസിയേഷന്‍ ഓഫ് ഓറല്‍ ആന്റ് മാക്സിലോഫേഷ്യല്‍ സര്‍ജന്‍സ് (കെഎസ്ഒഎംഎസ് ) പ്രസിഡന്റ് സുജിത് ഹർഷന്‍ അദ്ധ്യക്ഷനായി. ഡോ. പ്രശാന്ത് പിള്ള. ഡോ. റാം മോഹൻ, ഡോ. അജിത് നമ്പ്യാര്‍, ഡോ. എം. മുരളീകൃഷ്ണന്‍, ഡോ. ശങ്കര്‍ വിനോദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. നഗരത്തിലെ വിവിധ ആശുപത്രികളിലെ നൂറോളം ഡോക്ടര്‍മാര്‍ പങ്കെടുത്തു.