കൊച്ചി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്പറേഷന് എന്നിവിടങ്ങളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് തീയതി പ്രഖ്യാപിച്ചു. 13 മുതല്‍ 16 വരെ പഞ്ചായത്ത്, നഗരസഭ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് നടക്കും. കാക്കനാട് സിവില്‍ സ്റ്റേഷന് പ്ലാനിംഗ് ഹാളില്‍ രാവിലെ 10 മുതലാണ് നറുക്കെടുപ്പ് നടക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിലെ സംവരണ വാര്‍ഡുകള്‍ നിര്‍ണയിക്കുന്നതിനായുള്ള നറുക്കെടുപ്പ് 18 ന് രാവിലെ 10 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും കൊച്ചി കോര്പറേഷന് വാര്‍ഡുകളുടെ നറുക്കെടുപ്പ് 18ന് കൊച്ചി കോര്പറേഷന് ടൗണ്‍ഹാളിലും നടക്കും. ജില്ലാ പഞ്ചായത്ത് സംവരണ വാര്‍ഡ് നറുക്കെടുപ്പ് 21ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് നടക്കുക. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ സംവരണം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ നിശ്ചയിക്കും. മുനിസിപ്പല്‍ കൗണ്സിലുകളുടേത് തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറും മുനിസിപ്പല്‍ കോര്‍പറേഷനുകളിലേത് തദ്ദേശസ്വയംഭരണ വകുപ്പ് അര്‍ബന്‍ ഡയറക്ടറുമാണ് നിശ്ചയിക്കുന്നത്.
സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് തീയതി പ്രഖ്യാപിച്ചു
