കൊച്ചി: കേരളത്തിൽ സമഗ്ര നഗര നയം രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ മറൈൻ ഡ്രൈവിൽ നടന്ന കേരള അർബൻ കോൺക്ലേവ് 2025നോട് അനുബന്ധിച്ചുള്ള പ്രദർശന മേള സമാപിച്ചു. നഗരജീവിതം കൂടുതൽ മെച്ചപ്പെടുത്താനുള്ള പുതിയ ആശയങ്ങൾ, സാങ്കേതിക വിദ്യകൾ, സുസ്ഥിര മാതൃകകൾ, അടിസ്ഥാന സൗകര്യങ്ങളിലെ മുന്നേറ്റങ്ങൾ എന്നിവയെല്ലാം പ്രദർശനത്തിൽ പൊതുജനങ്ങൾക്ക് നേരിട്ടറിയാൻ അവസരമൊരുക്കി. കേരളത്തിലെ വിവിധ സർക്കാർ ഏജൻസികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഒരുക്കിയ സ്റ്റാളുകൾ, നഗരവികസന രംഗത്ത് കൈവരിച്ച നേട്ടങ്ങളുടെ നേർക്കാഴ്ചയായി.തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ കേരളത്തിലെ നഗരങ്ങളുടെ വളർച്ചാ ഘട്ടങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള വിവരങ്ങൾ പ്രദർശനത്തിലുടനീളം കാണാൻ എത്തുന്നവരെ ആകർഷിക്കുന്ന വിധത്തിൽ ഒരുക്കിയിരുന്നു. അടിസ്ഥാന സൗകര്യങ്ങളായ റോഡുകൾ, പാലങ്ങൾ, പൊതുഗതാഗതം എന്നിവയിലെ പുരോഗതി എങ്ങനെയെല്ലാം നഗരജീവിതത്തെ മാറ്റിമറിച്ചു എന്ന് വിശദീകരിക്കുന്ന ഡെമോകളും ചിത്രങ്ങളും സ്റ്റാളുകളിൽ ഒരുക്കിയിരുന്നു. മാലിന്യ സംസ്കരണം, ജലസംരക്ഷണം, ഊർജ്ജ കാര്യക്ഷമത തുടങ്ങി വിഷയങ്ങളിൽ സ്വീകരിച്ചുവരുന്ന നൂതന മാതൃകകൾ ഏറെ ശ്രദ്ധ പിടിച്ചുപറ്റി സ്റ്റാളുകൾ, നഗരജീവിതം കൂടുതൽ സുരക്ഷിതവും സുസ്ഥിരവുമാക്കുന്നതിനുള്ള കൂട്ടായ പരിശ്രമങ്ങളെക്കുറിച്ചുള്ള വ്യക്തമായ ചിത്രമാണ് പ്രദർശനത്തിൽ എത്തുന്നവർക്ക് നൽകിയത്.പ്രദർശനത്തിലെ ഏറ്റവും ആകർഷകമായിരുന്നു കടമക്കുടി പഞ്ചായത്തിൻ്റെയും ജിഡയുടെയും സഹകരണത്തോടെ ഒരുക്കിയിരുന്ന സ്റ്റാൾ. നഗരവികസനത്തോടൊപ്പം ഗ്രാമീണ തനിമയും കാത്തുസൂക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം സ്റ്റാൾ ഓർമ്മിപ്പിച്ചു. കടമക്കുടിയിലെ പൊക്കാളി നെൽകൃഷിയുടെ മാതൃക, നെൽകൃഷിയും മത്സ്യബന്ധനവും ഒരുമിച്ചു കൊണ്ടുപോകുന്ന പരമ്പരാഗത രീതി ഇവിടെ ഒരുക്കിയിരുന്നു. പൊക്കാളി അരിയും ചെമ്മീനും, കൊഴുവയും ഉൾപ്പെടെയുള്ള പ്രാദേശിക ഉത്പന്നങ്ങൾ വിൽപ്പനയ്ക്കുണ്ടായിരുന്നു. നെൽകൃഷിക്ക് ഉപയോഗിക്കുന്ന പരമ്പരാഗത ഉപകരണങ്ങളും, മത്സ്യബന്ധന രീതികളും നേരിൽ കാണാനും പ്രദർശനം വഴിയൊരുക്കി. നഗരവൽക്കരണത്തിൻ്റെ വേഗതയിൽ പലപ്പോഴും മറന്നുപോകുന്ന കാർഷിക പാരമ്പര്യത്തെയും അതിൻ്റെ പ്രാധാന്യത്തെയും സ്റ്റാൾ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു.നഗരശുചിത്വത്തിൻ്റെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് ശുചിത്വമിഷൻ ഒരുക്കിയ സ്റ്റാൾ സജീവമായിരുന്നു. സർക്കാർ നടപ്പാക്കിയ വിവിധ ശുചിത്വ പദ്ധതികൾ ഇവിടെ പ്രദർശിപ്പിച്ചിരുന്നു. ഇതിനോടൊപ്പം ശുചിത്വത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാൻ ലക്ഷ്യമിട്ട് നടത്തിയ ഓൺലൈൻ ക്വിസ് പരിപാടി ആവേശമുണർത്തി. നഗരവികസനം കേവലം വലിയ കെട്ടിടങ്ങളും റോഡുകളും മാത്രമല്ലെന്നും, അത് ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും സഹായകമാകണമെന്നും പ്രദർശനം ഓർമ്മിപ്പിച്ചു. ഭാവി കേരളത്തിൻ്റെ നഗരങ്ങൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടോടുകൂടിയാണ് ഓരോ സന്ദർശകനും പ്രദർശന നഗരിയിൽ നിന്ന് മടങ്ങിയത്.
കേരള അർബൻ കോൺക്ലേവ്; പ്രദർശന മേള സമാപിച്ചു
