Posted in

മാലിന്യ സംഭരണ കേന്ദ്രത്തിലെ ഓണാഘോഷം; കടാതിഡമ്പിംഗ് യാഡിലേയ്ക്ക് എൽഡിഎഫ് മാർച്ച് നടത്തി

മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ ജനങ്ങൾ മാലിന്യപ്രശ്നം മൂലം ദുർഗന്ധം അനുഭവിക്കുമ്പോൾ നഗരസഭ യുഡിഎഫ് ഭരണസമിതി കടാതിയിലെ മാലിന്യ സംഭരണ കേന്ദ്രത്തിൽ ഓണാഘോഷവും ഓണസദ്യയും നടത്തിയതിതിനെതിരെ  എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റി കടാതി ഡമ്പിംഗ് യാഡിലേയ്ക്ക് മാർച്ചും ധർണ്ണയും നടത്തി.   നഗരസഭയിൽ മാലിന്യ പ്രശ്നങ്ങളില്ലെന്ന് വരുത്തി തീർത്ത് ജനങ്ങളുടെ വിശ്വാസം നേടാനുള്ള കുതന്ത്രമായിരുന്നു മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷമെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു. യുഡിഎഫ് ഭരണസമിതിയുടെ കൂട്ടുത്തരവാദിത്വം ഇല്ലായ്മയും വികസനമുരടിപ്പും മറച്ചുവെക്കാനുള്ള തന്ത്രമാണ് ഇതിന് പിന്നിൽ.   മൂവാറ്റുപുഴ നഗരസഭാ നിവാസികൾ മാലിന്യപ്രശ്നം മൂലം ബുദ്ധിമുട്ടുമ്പോളാണ് ഇത്തരം നാടകം കളിക്കുന്നത്. കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രൊജക്റ്റ് പദ്ധതിയിൽപ്പെടുത്തി സംസ്ഥാന സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പ് വഴി 10 കോടി 86 ലക്ഷം രൂപ ഡമ്പിംങ് യാർഡിൽ ബയോ മൈനിംഗ് നടത്തുന്നതിന് അനുവദിച്ചതാണ്.
എന്നാൽ ഫലപ്രദമായി പദ്ധതി പ്രവർത്തനങ്ങൾ ഡമ്പിംങ് യാർഡിൽ നടത്താൻ നഗരസഭയ്ക്ക് കഴിഞ്ഞില്ല.   ജില്ലാ ഭരണകൂടത്തേയും തെറ്റിദ്ധരിപ്പിയ്ക്കുന്ന വിധമാണ് കോൺഗ്രസ് ഇതിനായി പ്രചാരണം നടത്തുന്നത്. മാലിന്യ സംഭരണ കേന്ദ്രത്തിൽ  ഈച്ച മൂലം പകർച്ചവ്യാധികൾ, വയറിളക്കം,ഛർദ്ദി,മഞ്ഞപ്പിത്തം,ടൈഫോയ്ഡ് തുടങ്ങിയവ ഉണ്ടാകുവാൻ സാധ്യതയുണ്ട്. ഇതിനടുത്ത് മലിന ജലം കെട്ടി കിടക്കുന്നതിനാൽ കൊതുകിന്റെ സാന്നിധ്യവും കൂടുതലാണ്. ഇതിനിടെയാണ്  ഇവിടെ ഓണാഘോഷം നടത്തിയതെന്ന് ജനങ്ങൾ തിരിച്ചറിയണമെന്നും എൽഡിഎഫ് അഭ്യർത്ഥിച്ചു. മൂവാറ്റുപുഴ നഗരസഭയിലെ പ്രതിപക്ഷത്തെ എൽഡിഎഫ് കൗൺസിലർമാരുടെ ഓണാഘോഷവും ഓണസദ്യയും മൂവാറ്റുപുഴ കാർഷിക സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തി. നഗരസഭ പ്രതിപക്ഷ കൗൺസിൽമാരും ജീവനക്കാരും പരിപാടിയിലും ഓണസദ്യയിലും പങ്കെടുത്തു. ഡമ്പിംഗ് യാഡിന്  നടന്ന പ്രതിഷേധ സമരം സിപിഐഎം ഏരിയ സെക്രട്ടറി അനീഷ് എം മാത്യു സമരം ഉദ്ഘാടനം ചെയ്തു. സിപിഐഎം മുനിസിപ്പൽ നോർത്ത് ലോക്കൽ സെക്രട്ടറിയും മുൻസിപ്പൽ കൗൺസിലറുമായ കെ ജി അനിൽകുമാർ അധ്യക്ഷനായ യോഗത്തിൽ സിപിഐഎം ഏരിയ കമ്മിറ്റി അംഗങ്ങളായ യു ആർ ബാബു,സജി ജോർജ്,എം എ സഹീർ ,ആർ രാകേഷ്,എം എ റിയാസ് ഖാൻ,മുനിസിപ്പൽ കൗൺസിലർമാരായ പി വി രാധാകൃഷ്ണൻ,വി എ ജാഫർ സാദിഖ്, മീരാകൃഷ്ണൻ,ഫൗസിയ അലി,നെജില ഷാജി,സുധ രഘനാഥ് എന്നിവർ സംസാരിച്ചു. ഡമ്പിംഗ് യാഡ് സ്ഥിതിചെയ്യുന്ന പായിപ്ര ഈസ്റ്റ് ലോക്കൽ കമ്മറ്റിയുടെയും, മുനിസിപ്പൽ കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *