കോതമംഗലം : കോട്ടപ്പടി വടക്കുംഭാഗത്ത് കാട്ടാന കിണറ്റിൽ വീണു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.വടക്കുംഭാഗം സ്വദേശി വിച്ചാട്ട് വർഗീസിൻ്റെ പുരയിടത്തിലെ കിണറ്റിലാണ് കാട്ടാന വീണത്. സംഭവത്തിൽ വനം വകുപ്പിനെതിരെ പ്രതിഷേധവുമായി എംഎൽഎ ആന്റണി ജോണിന്റെ നേതൃത്വത്തിൽ നാട്ടുകാർ രംഗത്തെത്തി. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാതെ ആനയെ കയറ്റി വിടാൻ അനുവദിക്കില്ലെന്ന് പ്രദേശവാസികൾ പറഞ്ഞതോടെ പ്രശനം സങ്കീർണമായി. സംഭവമറിഞ്ഞ് ജില്ലാ കളക്ടർ ജി പ്രീയങ്ക സ്ഥലത്തെത്തി. പ്രദേശവാസികളുമായി ചർച്ച നടത്തിയ ശേഷമാണ് ആനയെ കരക്ക് കയറ്റുന്ന ജോലികൾ ആരംഭിച്ചത്. നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. കിണർ ഒരു വശം ഇടിച്ച് ജെസിബി ഉപയോഗിച്ച് വഴിയുണ്ടാക്കിയാണ് ആനയെ ശ്രമകരമായ ദൗത്യത്തിലൂടെ കരക്ക് കയറ്റിയത്. തുടർന്ന് ജനങ്ങളെ മാറ്റി ആനയെ കാടുകയറ്റി . കിണർ ഇടിക്കുന്നതിനെ തുടർന്ന് ഉണ്ടായ സാമ്പത്തിക നഷ്ടം വനം വകുപ്പ് വഹിക്കുമെന്ന് ഡിഎഫ്ഒ കാർത്തിക് പറഞ്ഞു . 30 കിലോമീറ്റർ നീളത്തിൽ സ്ഥാപിക്കുന്ന സൗരോർജ വേലിയുടെ നിർമ്മാണത്തിൽ വനം വകുപ്പ് തുടർന്ന് അനാസ്ഥ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ജനങ്ങൾ പ്രതിഷേധിച്ചത്. ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ എത്രയും വേഗത്തിൽ ഫെൻസിങ് ജോലികൾ പൂർത്തിയാക്കുമെന്ന് കളക്ടർ ജനങ്ങൾക്ക് ഉറപ്പ് നൽകി.ഒന്നര വര്‍ഷം മുന്‍പും കോട്ടപ്പടിയില്‍ ഇതേ രീതിയിൽ കാട്ടാന കിണറ്റിൽ വീണ സംഭവം ഉണ്ടായിരുന്നു

