കൊച്ചി : ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും പിണർവൂർകുടി കബനി ട്രൈബൽ പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ ‘ലാവണ്യം 2025’ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കലാപരിപാടികളും മത്സരങ്ങളും ഉന്നതിയിലെ തനത് കലാരൂപങ്ങളും എല്ലാം കോർത്തിണക്കി പിണവൂർ കുടിയിൽ സംഘടിപ്പിച്ച ആഘോഷം നാടിന്റെ ആകെ ഉത്സവമായി മാറി. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ കളക്ടർ ജി. പ്രിയങ്ക മുഖ്യാതിഥിയായി.ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന മത്സരങ്ങളുടെ സമ്മാനദാനം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി. വി.ശ്രീനിജിൻ എം.എൽ.എ നിർവഹിച്ചു. പരിപാടിയിൽ പിണവൂർകുടി ഉന്നതിയിലെ 70 ന് മുകളിൽ പ്രായമുള്ളവർക്ക് ഓണക്കോടി വിതരണം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ യോഗത്തിൽ ആദരിച്ചു. മികച്ച കർഷകർക്കുള്ള പുരസ്കാരവും യോഗത്തിൽ വിതരണം ചെയ്തു. തനത് കലാരൂപങ്ങളുടെ അകമ്പടിയോടെ വർണ്ണാഭമായ ഘോഷയാത്രയും വിഭവസമൃദ്ധമായ ഓണസദ്യയും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു.പിണവൂർകുടി കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അധ്യക്ഷത വഹിച്ചു. കോതമംഗലം ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മനോജ് നാരായണൻ ഓണ സന്ദേശം നൽകി.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കെ ഗോപി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ലിജോ ജോസഫ്, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ മിനി മനോഹരൻ, വാർഡ് മെമ്പർ ബിനേഷ് നാരായണൻ, ഡി.ടി.പി.സി എക്സിക്യൂട്ടീവ് അംഗം ടി.കെ ഷെബീബ്, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എസ്. ശിവപ്രസാദ്, പി.ടി.എ പ്രസിഡന്റ് ബിജു പനംകുഴിയിൽ, ഊര് മൂപ്പൻ കെ.കെ ശ്രീധരൻ, ഊര് മൂപ്പത്തി ശോഭന മോഹനൻ, കബനി സൊസൈറ്റി പ്രസിഡന്റ് എം.ആർ രാജേഷ്, എ.ഡി.എസ് സെക്രട്ടറി ശാലിമ അനീഷ്, കാണിക്കാരൻ കണ്ണൻ മണി, സി.ഡി.എസ് മെമ്പർ ആനന്ദവല്ലി ശ്രീധരൻ തുടങ്ങിയവർ പങ്കെടുത്തു.
ലാവണ്യം 2025 : ഉന്നതിയിലെ ജനതയെ ചേർത്തുപിടിച്ചു പിണവൂർകുടിയിൽ ഓണാഘോഷം
