Posted in

കെൽട്രോൺ ഉൽപ്പന്നങ്ങളും സേവനങ്ങളും സിംബാബ്‌വെയിലേക്ക്

കളമശ്ശേരി:  കെൽട്രോണിന്റെ ചരിത്രത്തിൽ പുതിയൊരു അധ്യായം കൂടി തുറക്കുകയാണ്. കെൽട്രോൺ ഉൽപന്നങ്ങളും സേവനങ്ങളും ഇനി ആഫ്രിക്കൻ രാഷ്ട്രമായ സിംബാബ്‌വെയിലും ലഭ്യമാകും. കൊച്ചിയിൽ നടന്ന ചടങ്ങിൽ വ്യവസായ വകുപ്പുമന്ത്രി പി രാജീവും സിംബാബ്‌വെ വ്യവസായ വാണിജ്യ സഹമന്ത്രി രാജേഷ് കുമാർ ഇന്ദുകാന്ത് മോദിയും ഇത് സംബന്ധിച്ച ചർച്ച നടത്തുകയും പർച്ചേസ് ഓർഡർ  കൈമാറുകയും ചെയ്തു. മന്ത്രിമാരുടെ സാന്നിധ്യത്തിൽ കെൽട്രോൺ അധികൃതരും  സിംബാബ്‌വെയിലെ സിൻഡ്യ  കമ്പനി അധികൃതരും തമ്മിലാണ് പർച്ചേസ് ഓർഡർ കൈമാറിയത്. ആദ്യ ഘട്ടത്തിൽ കെൽട്രോണിന്റെ ലാപ് ടോപ്പുകളുടെ (കോക്കോണിക്സ്) വിതരണ- നിർമ്മാണത്തിനായുള്ള പർച്ചേസ് ഓർഡർ ആണ്  കൈമാറിയത്. ഭാവിയിൽ കെൽട്രോണിന്റെ മറ്റ് ഉൽപ്പന്നങ്ങളായ ട്രാഫിക് ലൈറ്റുകൾ, സോളാർ സംവിധാനങ്ങൾ, വിജ്ഞാന സേവനങ്ങൾ തുടങ്ങിയവയും  സിംബാബ്‌വെയിൽ ലഭ്യമാക്കും. ഇതുമായി ബന്ധപ്പെട്ട്  ഇരുമന്ത്രിമാരും  യോഗത്തിൽ വിശദമായ ആശയവിനിമയം നടത്തി.കെൽട്രോണും സിംബാബ്‌വെയും തമ്മിൽ സഹകരണം സാധ്യമായതിൽ ഏറെ സന്തോഷമുണ്ടെന്ന്  മന്ത്രി പി രാജീവ്‌ പറഞ്ഞു. ആദ്യ ധാരണ പ്രകാരം 3,000 ലാപ്ടോപ്പുകൾ ആണ്  കെൽട്രോൺ പ്രത്യേകം നിർമ്മിച്ചു നൽകുന്നത്.  സിംബാബ്‌വെയിൽ നൈപുണ്യ വികസന കേന്ദ്രവും നോളജ് ഷെയറിങ് സെന്റവും അസംബ്ലിങ് യൂണിറ്റും സ്ഥാപിക്കാനും കെൽട്രോൺ തയ്യാറാണ് എന്നും മന്ത്രി പറഞ്ഞു.ഇതൊരു പർച്ചേസ് ഓർഡർ കൈമാറൽ മാത്രമല്ല എന്നും പരസ്പര സഹകരണത്തിന്റെയും ഉത്പാദനക്ഷമതയുടെയും നവീകരണത്തിന്റെയും പുതിയപാത തുറക്കൽ കൂടിയാണെന്നും സിംബാബ്‌വെ വ്യവസായ വാണിജ്യ സഹമന്ത്രി രാജേഷ് കുമാർ ഇന്ദുകാന്ത് മോദി പറഞ്ഞു. സിംബാബ്‌വെ ട്രേഡ്  കമ്മീഷ്ണർ ബൈജു മോഹൻ കുമാർ, കെൽട്രോൺ എം.ഡി ശ്രീകുമാർ നായർ, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *