Posted in

വൈപ്പിനു ഓണസമ്മാനമായിലൈഫ് ഭവനങ്ങൾ

വൈപ്പിൻ: രാജ്യത്ത് സമാനതകളില്ലാത്തതാണ്  ലൈഫ് ഭവന പദ്ധതിയെന്ന് തദ്ദേശ മന്ത്രി എം ബി രാജേഷ്. എഴുപത്തി രണ്ടായിരം രൂപ കേന്ദ്രം ഭവനസഹായമായി നൽകുമ്പോൾ ലൈഫിൽ സംസ്ഥാനം നാലുലക്ഷം രൂപയാണ് കൊടുക്കുന്നത്. ഇതിൽ നിന്നുതന്നെ ലൈഫ് പദ്ധതിയുടെ മഹത്വം മനസിലാക്കാം.ലൈഫ് പദ്ധതിയിൽ മണ്ഡലത്തിൽ പൂർത്തിയായ 2040 വീടുകളുടെ താക്കോൽ വിതരണോദ്ഘാടനം  നിർവഹിക്കുകയായിരുന്നു മന്ത്രി. ഒരു ലക്ഷം പേർക്കു കൂടി പദ്ധതിയിൽ ധനസഹായം ഈ സർക്കാർ ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. 5.25 ലക്ഷം  വീടുകൾ ഇക്കൊല്ലം പൂർത്തിയാക്കും.വൈപ്പിനിലെ ഭവനരഹിതരായവർക്ക് സംസ്ഥാന സർക്കാർ നൽകുന്ന ഓണസമ്മാനമാണ് ലൈഫ് വീടുകളെന്നും മന്ത്രി രാജേഷ് വ്യക്തമാക്കി.  എടവനക്കാട് പുളിക്കനാട്ട് ഓഡിറ്റോറിയത്തിൽ  നടന്ന പരിപാടിയിൽ കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു.  376 വീടുകൾ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.  ഞാറക്കലിൽ 227, നായ രമ്പലത്ത് 238, എടവനക്കാട് 253, പള്ളി പ്പുറത്ത് 485, കുഴുപ്പിള്ളിയിൽ 205, എളങ്കുന്നപ്പുഴ 429, കടമക്കുടി 94, മുളവുകാട് 109 വീതം വീടുകളാണ് ഒരുങ്ങിയത്. ജില്ല കലക്ടർ പ്രിയങ്ക ജി മുഖ്യാതിഥിയായി. ലൈഫ് മിഷൻ ജില്ല കോർഡിനേറ്റർ ഏണസ്റ്റ് സി തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു.   ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാരായ തുളസി സോമൻ, സരിത സനൽ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ അസീന അബ്ദുൾസലാം, രമണി അജയൻ, കെ എസ് നിബിൻ, നീതു ബിനോദ്, മിനി രാജു, രസികല പ്രിയരാജ്, മേരി വിൻസെൻ്റ്, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് കെ എ സാജിത്ത്, ജില്ല പഞ്ചായത്ത് അംഗം അഡ്വ എം ബി ഷൈനി, ബ്ലോക്ക് സെക്രട്ടറി ലോറൻസ് അൻ്റോണിയ അൽമേഡ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *