വൈപ്പിൻ: വൈപ്പിൻ പറവൂർ എസ് സി എസ് ടി വേദിയുടെ ആഭിമുഖ്യത്തിൽ മഹാത്മ അയ്യങ്കാളിയുടെ 162- മത് ജന്മദിന വാർഷികാഘോഷം നടത്തി. രാവിലെ 9 ന് എവിപിവി സഭാങ്കണത്തിൽ നിന്ന് ദേവസ്വം വൈസ് പ്രസിഡൻ്റ് എം സി ഷൻമുഖൻ ഫ്ലാഗ് ഓഫ് ചെയ്ത ഇരുചക്ര വാഹന റാലി ചെറായി അംബേഡ്കർ ബീച്ചിൽ മഹാത്മ അയ്യങ്കാളിയുടെ പൂർണ്ണകായ വില്ലുവണ്ടി പ്രതിമയിൽ പുഷ്പാർച്ചനയോടെ ജന്മദിനാഘോഷങ്ങൾ ആരംഭിച്ചു. തുടർന്ന് മഹാത്മ അയ്യങ്കാളി വില്ലുവണ്ടിയോടൊപ്പമുള്ള സെൽഫി മത്സരം നടന്നു. വൈകിട്ട് 4 ന് ചെറായി ഗൗരിശ്വരം നടയിൽ നിന്ന് ആരംഭിച്ച, തെയ്യവും, വാദ്യമേളങ്ങളും, കാവടിയും, ബാൻഡ് മേള അകമ്പടിയോടെ വർണ്ണശബളമായ ഘോഷയാത്ര പള്ളത്താംകുളങ്ങര ക്ഷേത്ര മൈതാനിയിൽ എത്തിയ ശേഷം സി എസ് സൈനൻ നഗറിൽ ആരംഭിച്ച അനുസ്മരണ സംസ്കാരിക സമ്മേളനം കണ്ണൂർ സർവ്വകലാശാല ചരിത്ര വിഭാഗം മേധാവി ഡോ: മാളവിക ബിന്നി ഉത്ഘാടനം ചെയ്തു. എവിപിവി സഭ പ്രസിഡൻ്റ് എം എ കുമാരൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ എഴുത്തുകാരി ലത കോലോത്ത് മുഖ്യ പ്രഭാഷണം നടത്തി. വി എസ് രാധാകൃഷ്ണൻ,എവിപിവി സഭ സെക്രട്ടറി ഡോ:പി കെ ബേബി, കെപിഎംഎസ്സ് സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി പ്രശോഭ് ഞാവേലിൽ,കേരള സ്റ്റേറ്റ് വേട്ടുവ മഹസഭാ പ്രസിഡന്റ് ഹരീഷ് മുളഞ്ചേരി,എപിപിഎസ് സംസ്ഥാന സെക്രട്ടറി അഡ്വ: സുനിൽ സി കുട്ടപ്പൻ, സുനിൽ ഞാറക്കൽ, കെ.കെ. ജയന്തൻ,എൻ കെ സജിത്,വി ആർ രാജേന്ദ്രപ്രസാദ് തുടങ്ങിയവർ സംസാരിച്ചു. സമ്മേളനാനന്തരം ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങ് അവതരിപ്പിച്ച ഫോക് ഫിയസ്റ്റ എന്ന നാടൻപാട്ട് അരങ്ങേറി.
അയ്യങ്കാളി 162- ആം ജന്മദിനാഘോഷം പള്ളത്താംകുളങ്ങരയിൽ സംഘടിപ്പിച്ചു
