Posted in

കേരളത്തെ വിജ്ഞാന സമൂഹമായിമാറ്റും: മന്ത്രി എം ബി രാജേഷ്

കൊച്ചി‌: കേരളത്തെ ഒരു വിജ്ഞാന സമൂഹമായി പരിവർത്തനം ചെയ്യാനും അതുവഴി വിജ്ഞാന സമ്പദ്‌വ്യവസ്ഥയുടെ നേട്ടങ്ങൾ പ്രയോജനപ്പെടുത്താനും സർക്കാർ ശ്രമിക്കുകയാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടന്ന സ്കിൽ കേരള ഗ്ലോബൽ സമ്മിറ്റ് 2025 ൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.    കേരള വികസന മാതൃകയുടെ ഏറ്റവും വലിയ നേട്ടം ഉയർന്ന മാനവ വികസന സൂചികകളാണ്. സാക്ഷരത, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക പുരോഗതി എന്നിവയിലെല്ലാം കേരളം മുന്നിലാണ്. 1970-കളിൽ തന്നെ സാർവത്രിക സ്കൂൾ പ്രവേശനം കൈവരിച്ച സംസ്ഥാനമാണ് നമ്മുടേത്. സ്കൂളുകളിൽ പഠനം ഉപേക്ഷിക്കുന്നവരുടെ എണ്ണം രാജ്യത്ത് ഏറ്റവും കുറവാണ്. ആയുർദൈർഘ്യത്തിലും ശിശു-മാതൃമരണ നിരക്കുകളിലും കേരളം വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന നിലയിലാണ്. വിദ്യാസമ്പന്നരായ യുവജനങ്ങളുടെ തൊഴിൽ സാധ്യത വർദ്ധിപ്പിക്കുന്നതിന് സർക്കാർ വിവിധ തലത്തിലുള്ള പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഇതിനായി ഉന്നത വിദ്യാഭ്യാസ മേഖലയെ ഉടച്ചുവാർക്കാനും നൈപുണ്യ വികസനത്തിന് ഊന്നൽ നൽകാനും സർക്കാർ ലക്ഷ്യമിടുന്നു. വിജ്ഞാന സമ്പദ്‌വ്യവസ്ഥയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൻ്റെ ഭാഗമായാണ് രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കും ഡിജിറ്റൽ യൂണിവേഴ്സിറ്റിയും സ്ഥാപിച്ചത്.സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 20 ശതമാനത്തിൽ നിന്ന് 50 ശതമാനമായി വർദ്ധിപ്പിക്കുക എന്നത് സർക്കാരിൻ്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഇത് സംസ്ഥാനത്തിൻ്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്നും ജനങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.  നൈപുണ്യ വികസനത്തിനും തൊഴിൽ സാധ്യതകൾ മെച്ചപ്പെടുത്തുന്നതിനും സർക്കാർ നൽകുന്ന ഊന്നൽ ഈ ലക്ഷ്യത്തിൻ്റെ ഭാഗമാണ്. ഈ പ്രവർത്തനങ്ങളുടെ ഭാവി രൂപരേഖ ചർച്ച ചെയ്യുന്നതിനായാണ് ഗ്ലോബൽ സ്കിൽസ് സമ്മിറ്റ് സംഘടിപ്പിച്ചിട്ടുള്ളത്.ആഗോള ഉച്ചകോടിയുടെ ഫലം കേരളത്തിന് വലിയ സഹായമാകുമെന്ന് വിശ്വസിക്കുന്നു എന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *