മൂവാറ്റുപുഴ : ഓണത്തെ വരവേല്‍ക്കാന്‍ ഓണത്തപ്പന്‍മാരെ ഒരുക്കി കോളാ തുരുത്ത് ഗ്രാമം. മൂവാറ്റുപുഴ വാളകം ഗ്രാമപഞ്ചായത്തിലെ ബഥനിപ്പടിയിലാണ് കോളാതുരുത്ത് എന്ന ഈ കൊച്ചുഗ്രാമത്തില്‍ പൂവിളികള്‍ ഉണര്‍ന്നതിനൊടൊപ്പം ഓണമുറ്റത്തെ ഓണത്തറയില്‍ വയ്ക്കാന്‍ ആയിരക്കണക്കിന് ഓണത്തപ്പന്മാരാണ് ഇവിടെ ഒരുങ്ങിയിരിക്കുന്നത്. ചുവപ്പിലും സ്വര്‍ണ്ണ നിറത്തിലുമൊക്കെയായി ആകര്‍ഷമാക്കിയ ഓണത്തപ്പന്മാര്‍ ഗ്രാമത്തിലെ ഒട്ടുമിക്ക വീടുകളിലും വില്‍പ്പനയ്ക്കായി ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം ഓണത്തറയില്‍ പ്രതിഷ്ഠിക്കാനുള്ള ചിരകയും, ഉരലും, അരകല്ലും, മുത്തിയമ്മമാരുമൊക്കെ ഓണത്തപ്പന്മാരെ പോലെ തന്നെ ചുവന്ന വര്‍ണ്ണത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. മധ്യ കേരളത്തിലെ പല സ്ഥലങ്ങളിലേക്കും ഓണത്തപ്പന്‍ മാരെ എത്തിക്കുന്നത് ഇവിടെ നിന്നാണ്. 200 രൂപയ്ക്ക് ഓണത്തപ്പന്മാരും, മുത്തിയമ്മയും, ചിരകല്ലും, പിള്ളക്കല്ലും, അരകല്ലും ലഭിക്കും. ഓണത്തപ്പനെ ഒരുക്കാനുള്ള കളിമണ്ണിനു വില വര്‍ധിച്ചത്പ്രതി സന്ധി സൃഷ്ടിക്കുന്നുണ്ടങ്കിലും വില വര്‍ദ്ദിപ്പിച്ചിട്ടില്ല. അത്തം നാള്‍ മുതല്‍ ഇതിന്റ വില്‍പ്പന ആരംഭിക്കും. തൃപ്പൂണിത്തുറ സ്റ്റാച്യു ജംക്ഷനിലാണ് പ്രധാന വില്‍പ്പന. ആവശ്യക്കാര്‍ കോളാതുരുത്തില്‍ നേരിട്ടെത്തിയും ഓണത്തപ്പന്മാരെ വാങ്ങുന്നുണ്ട്. മാവേലിയുടെയും ഗണപതിയുടെയുമൊക്കെ കളിമണ്‍ രൂപങ്ങളും കോളാതുരുത്തില്‍ ഒരുങ്ങിയിട്ടുണ്ട്. 200 രൂപയുടെ മുതല്‍ ആയിരം രൂപയുടെ വരെ മാവേലി രൂപങ്ങള്‍ ഇവിടെ കിട്ടും. വലിപ്പത്തിനനുസരിച്ചാണ് വില. കോളാതുരുത്ത് ഗ്രാമത്തില്‍ മണ്‍പാത്ര നിര്‍മാണം കുലതൊഴിലാക്കിയ കുടുംബങ്ങള്‍ ങ്ങളാണുള്ളത്. പതിറ്റാണ്ടുകളായി തുടരുന്നതാണ് ഓണത്തപ്പന്മാരുടെ നിര്‍മാണം. മറ്റു മണ്‍പാത്രങ്ങളെല്ലാം പാലക്കാടു നിന്നും ബംഗളുരുവില്‍ നിന്നുമൊക്കെ ഇറക്കുമതി ചെയ്യുമ്പോള്‍ ഓണത്തപ്പനെ ഒരുക്കാന്‍ പാരമ്പര്യ രീതികളില്‍ ഈ കുടുംബങ്ങള്‍ ഒരുമിക്കും. കര്‍ക്കിടകം പകുതിയാകുമ്പോഴേക്കും കളിമണ്ണ് ആവശ്യത്തിനു ശേഖരിച്ചു പാരമ്പര്യ രീതികളനുസരിച്ച് ഓണത്തപ്പന്മാരെ ഒരുക്കിയെടുക്കാനാരംഭിക്കും. ഓണത്തപ്പനോടൊപ്പം ഓണത്തറയില്‍ പ്രതിഷ്ഠിക്കേണ്ട മുത്തിയമ്മ, അരകല്ല്, പിള്ളക്കല്ല്, ഉരല്, ചിരക എന്നിവയൊക്കെ ഗ്രാമത്തിലെ പാരമ്പര്യ കുംഭാരന്മാരുടെ കൈവഴക്കത്തില്‍ ശില്‍പ്പങ്ങളായി രൂപം കൊള്ളും. ഓരോ കുടുംബവും ആയിരവും രണ്ടായിരവുമൊക്കെ ഓണത്തപ്പന്മാരെ ഓണമാകുമ്പോഴേക്കും തയാറാക്കിയിരിക്കും. വ്രതശുദ്ധിയോടെയാണ് കളിമണ്ണില്‍ രൂപങ്ങള്‍ കടഞ്ഞെടുക്കാന്‍ കുംഭാര കുടുംബാംഗങ്ങള്‍ പുലര്‍ച്ചെ തന്നെ പണിപ്പുരിയില്‍ എത്തുക. തൃക്കാക്കര അപ്പനെ സങ്കല്‍പ്പിച്ചാണ് ഓണത്തപ്പന്മാരെ ഒരുക്കുന്നത്. മറ്റ് കളിമണ്‍ ശില്‍പ്പങ്ങളെ പോലെ ഓണത്തപ്പന്മാരെ ചുട്ടെടുക്കാന്‍ പാടില്ലെന്നാണ് പാരമ്പര്യം അനുശാസിക്കുന്നത്. വെയിലത്തു വച്ച് ഉണക്കാനും പാടില്ല. വലിയ പന്തലൊരുക്കിയാണ് ഓണത്തപ്പന്മാരെ സൂക്ഷിക്കുന്നത്. ഓരാഴ്ചയാകുമ്പേഴേക്കും ഈര്‍പ്പം വലിഞ്ഞ് ഉണങ്ങും. ഇവയില്‍ ചുവപ്പു ചായമടിച്ചു വീണ്ടും ഉണക്കിയെടുക്കും.തുടര്‍ന്നാണ് വില്‍പനക്ക് എത്തിക്കുന്നത്.
ഓണത്തെ വരവേല്‍ക്കാന്‍ ഓണത്തപ്പന്‍മാരെ ഒരുക്കി കോളാ തുരുത്ത് ഗ്രാമം
