Posted in

തുരുത്തിലെ റോഡിൽ വെള്ളക്കെട്ട് യാത്രക്കാർ ദുരിതത്തിൽ

ആലുവ: തുരുത്ത് സർക്കാർ സ്കൂളിന് സമീപം മനയ്ക്കപ്പടി റോഡിൽ വെള്ളക്കെട്ട് രൂക്ഷം. മഴ പെയ്താൽ ഇവിടെ പൊതുമരാമത്ത് റോഡ് വെള്ളത്തിൽ മുങ്ങും. ഇരുന്നൂറ് മീറ്ററോളം റോഡിൽ വെള്ളം നിറഞ്ഞ് യാത്ര ചെയ്യാൻ കഴിയാതെയാകും. മുട്ടിന് മീതെ വെള്ളത്തിലൂടെ വേണം കാൽനടയാത്രികർക്ക് സഞ്ചരിക്കാൻ. കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ വാഹനങ്ങൾ ഓടുമ്പോൾ ചെളിവെള്ളം കാൽനടക്കാരുടെ ശരീരത്തിലും, വസ്ത്രത്തിലുമാവും. തുരുത്തിലെ ഏക സർക്കാർ കെ.വൈ.എൽ .പി . സ്കൂളിലെ വിദ്യാർത്ഥികളും വെള്ളക്കെട്ട് മൂലം യാത്ര ചെയ്യാനാവാതെ ബുദ്ധിമുട്ടുകയാണ്. രക്ഷകർത്താക്കളെത്തിയാണ് വിദ്യാർത്ഥികളെ കൊണ്ടു പോകുന്നത്. മണിക്കൂറുകൾ കഴിഞ്ഞാലേ ഇവിടത്തെ വെള്ളക്കെട്ട് അൽപ്പമെങ്കിലും ശമനമാകൂ. അല്ലെങ്കിൽ നല്ല വെയിൽ വരണം. വെള്ളം നീങ്ങി കഴിഞ്ഞാൽ പിന്നെ അപകടകെണിയാണ്. റോഡിലെ കൊടും വളവിൽ അടിഞ്ഞുകൂടുന്ന മണലിൽ ചക്രം തെന്നി ഇരുചക്ര വാഹനയാത്രക്കാർക്ക് അടിക്കടി അപകടവും ഉണ്ടാകുന്നുണ്ട്. മഴ വെള്ളം ഒഴുകി പോകുവാൻ കാനയില്ലാത്തതാണ് ഇവിടത്തെ ശക്തമായ വെള്ളക്കെട്ടിന് കാരണം. റോഡിന് സമീപം മുന്നൂറ് മീറ്റർ കാന നിർമ്മിച്ച് വെള്ളം സുഗമമായി ഒഴുകുവാൻ മാർഗ്ഗമുണ്ടാക്കിയാലേ ഇവിടത്തെ വെള്ളക്കെട്ടിനും, യാത്രാ ബുദ്ധിമുട്ടിനും ശാശ്വത പരിഹാരമുണ്ടാകൂ. തുരുത്ത് മനയ്ക്കപ്പടി റോഡിൽ കാന നിർമ്മിച്ച് വെളളക്കെട്ട് പരിഹരിക്കാൻ അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് തുരുത്ത് സമന്വയ ഗ്രാമവേദി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *