കീഴ്മാട്: തെരുവ് നായ ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കുട്ടികളുടെ പരാതി കത്ത്. കീഴ്മാട് സ്വരുമ റെസിഡൻ്റ്സ് അസോസിയേഷനിലെ അംഗങ്ങളായ കുട്ടികളാണ് കത്തയച്ചത്. തെരുവ് നായ ശല്യം മൂലം സ്കൂളിൽ പോകുവാനൊ, പുറത്ത് പോയി കളിക്കുവാനോ പറ്റാത്ത സ്ഥിതിയാണെന്ന് കുട്ടികൾ ആരോപിക്കുന്നു. വീട് വിട്ട് പുറത്ത് പോകുമ്പോൾ നായകൾ കുരച്ച് കൊണ്ട് കൂട്ടത്തോടെ ആക്രമിക്കാൻ വരികയാണ്. നായകളുടെ ആക്രമണത്തെക്കുറിച്ച് ഓർക്കുമ്പോൾ നന്നായിപഠിക്കാൻ പോലും സാധിക്കുന്നില്ലെന്നും പരാതിയിൽ പറയുന്നു. ഉറങ്ങുമ്പോൾ കാണുന്ന സ്വപ്നങ്ങൾപോലും നായകൾ ആക്രമിക്കുന്നത് പോലെ ഉള്ളതാണെന്നും അതിനാൽ ബന്ധപ്പെട്ട അധികൃതർക്ക് ഇതിനൊരു പരിഹാരം കാണുവാനായി നിർദ്ദേശം നൽകണമെന്നും ഹൈകോടതി ചീഫ് ജസ്റ്റിസിനയച്ച കത്തിൽ പറയുന്നു. അറുപത്തിയഞ്ചോളം കുട്ടികൾ ചേർന്നാണ് ചീഫ് ജസ്റ്റിസിന് കത്തയച്ചത്.
സ്വപ്നങ്ങളിലും തെരുവ് നായ ; ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കുട്ടികളുടെ പരാതി കത്ത്
