Posted in

ടാറിങ് നടത്തി ഒരു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും പൈപ്പ് നന്നാക്കുന്നതിനായി കുഴിച്ചു

പെരുമ്പാവൂർ ∙ ടാർ ചെയ്തു തീർന്നപ്പേഴേക്കും വാട്ടർ അതോറിറ്റി പൈപ്പ് ലൈനിനു വേണ്ടി റോഡരികു കുഴിച്ചു. കെ.ഹരിഹരയ്യർ റോഡിൽ താലൂക്ക് ആശുപത്രിയുടെ പടിഞ്ഞാറെ കവാടത്തിന് എതിർവശത്താണ് സംഭവം. ടാർ ചെയ്തതിനു സമീപത്താണ് കുത്തിപ്പൊളിച്ചിരിക്കുന്നത്. റോഡിൽ ജലജീവൻ പദ്ധതിക്കായി കുഴി‍ച്ച ഭാഗത്ത് ഇന്നലെയാണ് ടാറിങ് നടത്തിയത്. ഒരു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും പൈപ്പ് നന്നാക്കുന്നതിനായി കുഴിച്ചു. ആശുപത്രിപ്പടി മുതൽ ഭജനമഠം ജംക്‌ഷൻ വരെയാണ് ഒരു വശത്തു ടാർ ചെയ്തത്. 

ടാർ ചെയ്തതിനു പിന്നാലെ കുഴിയെടുത്തതിൽ പ്രതിഷേധമുയർന്നു. ശ്രീധർമശാസ്ത്ര ക്ഷേത്രം, മിനി സിവിൽ സ്റ്റേഷൻ, ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, താലൂക്ക് ആശുപത്രി, കെഎസ്ഇബി ഓഫിസ്, കോടതി എന്നിവിടങ്ങളിലേക്കുള്ള റോഡാണിത്. കഴിഞ്ഞ സെപ്റ്റംബറിൽ ജലജീവൻ പദ്ധതിയുടെ ഭാഗമായി വാട്ടർ അതോറിറ്റി റോഡുകൾ കുത്തിപ്പൊളിച്ചു വലിയ പൈപ്പുകൾ സ്ഥാപിച്ചിരുന്നു. പൈപ്പ് സ്ഥാപിക്കലും ടാർ ചെയ്യലും നീണ്ടു പോയി. ഒട്ടേറെ പ്രതിഷേധങ്ങൾക്കു ശേഷമാണ് ഇന്നലെ ടാറിങ് തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *