പെരുമ്പാവൂർ: തിരക്കേറിയെ പെരുമ്പാവൂർ സിഗ്നൽ ജംഗ്ഷനിൽ മാർക്കറ്റ് റോഡിന് സമീപത്തെ ബോക്സ് മാർക്കിംഗിൽ വാഹനങ്ങൾ പതിവായി നിർത്തുന്നത് ഗതാഗത കുരുക്കുണ്ടാക്കുന്നു.
ഓഫീസ് സ്കൂൾ സമയങ്ങളിലും രാത്രിയിലും ഇവിടെ ഗതാഗത കുരുക്ക് രൂക്ഷമാണ്. തൃശൂർ-അങ്കമാലി ഭാഗത്തേക്കും ആലുവ,എറണാകുളം, കാക്കനാട്,കോതമംഗലം ഭാഗത്തേക്കുമുള്ള ഹനങ്ങളും കെഎസ്ആർടിസി ബസും മറ്റ് ഹെവി വാഹനങ്ങളുമടക്കം സഞ്ചരിക്കുന്ന പാതയിലെ ബോക്സ് മാർക്കിംഗിനുള്ളിലാണ് ഇവിടെ എല്ലായ്പ്പോഴും വാഹനങ്ങൾ നിർത്തുന്നത്. ഇതുവഴിയാണ് പെരുമ്പാവൂർ കെഎസ്ആർടിസി സ്റ്റാന്റിലേക്കുള്ള ഭൂരിഭാഗം ബസുകളും കടന്ന് പോകുന്നതും തിരികെ വരുന്നതും. ബോക്സ് മാർക്കിംഗിൽ വാഹനങ്ങൾ നിറയുന്നതോടെ കെഎസ്ആർടിസി ബസുകൾക്ക് ഉൾപ്പെടെ കടന്നുപൊകാനാകാതെ വരികയും ഈ ഭാഗത്ത് ഗതാഗതം താറുമാറാകുകയുമാണ് പതിവ് കാഴ്ച.
റോഡുകളിൽ കാണാറുള്ള ബോക്സ് മാർക്കിംഗ് അടയാളത്തെപ്പറ്റി വാഹന യാത്രികർക്ക് വേണ്ടത്ര അറിവില്ലാത്തതാണ് ഇവിടെ വാഹനങ്ങൾ നിർത്താൻ കാരണം. തിരക്കേറിയ ജംഗഷനുകളിലും ടി ഇന്‍റര്‍സെക്ഷനുകളിലും മഞ്ഞനിറത്തില്‍ അടയാളപ്പെടുത്തുന്ന ഈ ബോക്സില്‍ വാഹനങ്ങള്‍ നിര്‍ത്താന്‍ പാടില്ല എന്നാണ് ഗതാഗത നിയമം. മുന്നോട്ട് കടന്നുപോകാന്‍ ഇടം ഉണ്ടെങ്കില്‍ മാത്രമേ ഈ ഭാഗത്തേക്ക് വാഹനങ്ങള്‍ പ്രവേശിക്കാന്‍ പാടുള്ളൂ. ചുരുക്കത്തിൽ ഒരു ഗ്രീൻ സിഗ്നൽ പോലെയാണ് ഈ ബോക്സുകൾ പ്രവർത്തിക്കുന്നതെങ്കിലും ഈ ഭാഗത്ത് വാഹനങ്ങൾ ഒരു കാരണവശാലും നിർത്താനും പാടില്ല. ഇതേപറ്റി അറിയാത്തവരാണ് ഇവിടെ വാഹനങ്ങൾ നിർത്തി കുരുക്ക് ഉണ്ടാക്കുന്നത്. ഇവിടെ പ്രത്യേകം നിരീക്ഷണ സംവിധാനമില്ലാത്തതും ഈ ഭാഗത്ത് ഗതഗാത കുരുക്ക് രൂക്ഷമാക്കാറുണ്ട്.
പെരുമ്പാവൂരിലെ ബോക്സ് മാർക്കിംഗിൽവാഹനങ്ങൾ നിർത്തുന്നത് കുരുക്കുണ്ടാക്കുന്നു
