കൊച്ചി : തെരഞ്ഞെടുപ്പ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തിരഞ്ഞെടുപ്പ് ചൂടിലേക്ക് നാടും നഗരവും പ്രവേശിക്കേണ്ട സമയമായി കഴിഞ്ഞു. എന്നാൽ, ഇതുവരെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാകാതെ പ്രതിസന്ധിയിലായിരിക്കുകയാണ് കൊച്ചി കോർപ്പറേഷനിലെ മുന്നണികൾ. ഡിസംബർ ആദ്യ വാരം തെരഞ്ഞെടുപ്പ് നടക്കുമെന്നിരിക്കെ സ്ഥാനാർഥി നിർണ്ണയം ഇത് വരെ പൂർത്തിയാക്കാനോ പ്രഖ്യാപിക്കാനോ മുന്നണികൾക്ക് സാധിച്ചിട്ടില്ല. സ്ഥാനാർത്ഥി നിർണ്ണയം എന്തായി എന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുമ്പോഴേക്കും സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കും എന്ന ഉത്തരമാണ് പാർട്ടി ഭേതമന്യേ നൽകുന്നത്. പ്രമുഖ മുന്നണികളെല്ലാം ഇപ്പോഴും പ്രതിസന്ധിയിലാണെങ്കിലും സാഹചര്യങ്ങൾ മുതലെടുത്ത് പ്രചരണം ഉൾപ്പെടെ നേരത്തേ ആരംഭിച്ചിരിക്കുകയാണ് ചില ചെറുപാർട്ടികളും നവപാർട്ടികളും.
ഒരു വശത്ത് സംവരണ സ്ഥാനാർത്ഥികളെ കിട്ടാത്തതിനാൽ തല പുകഞ്ഞ് നിൽക്കുന്ന നേതൃത്വത്തോട് ജനറൽ ഡിവിഷനുകളിലെ ആവശ്യങ്ങളുമായി അസ്ഥാനത്ത് വിവാദങ്ങൾ ഉയർത്തുന്നതാണ് നിലവിൽ കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത്. തലമുറ മാറ്റം ആവശ്യപ്പെട്ടുകൊണ്ടുള്ള ചർച്ചകളും സജീവമാണ്. നവംബർ 5 ന് മുൻപ് സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കുമെന്നായിരുന്നു സി പി ഐ എം സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നത്. എന്നാൽ, ചർച്ചകൾ നടക്കുണ്ട് എന്നല്ലാതെ ഇതുവരെ തീരുമാനത്തിലെത്താൻ സാധിച്ചിട്ടില്ല.
കോൺഗ്രസ് നേതൃത്വത്തിലും ഘടകകക്ഷികൾക്കുള്ള സീറ്റ് വിഭജന ചർച്ചകളും സംവരണ സ്ഥാനാർത്ഥികളെ കണ്ടെത്താനുള്ള ചർച്ചകളും മാത്രമാണ് നടക്കുന്നത്. നേരത്തെ ഉറപ്പിച്ചിരുന്ന പല സീറ്റുകളും സംവരണം ആയതും തർക്കങ്ങൾക്ക് വഴിയൊരുക്കുന്നുണ്ട്. ഓരോ ഡിവിഷനുകളിലും രണ്ടും മൂന്നും പേരുകളാണ് സ്ഥാനാർത്ഥി സാധ്യതാ പട്ടികയിലേക്ക് ഉയർന്നു വരുന്നത്. അന്തിമ തീരുമാനം ജില്ലാ നേതൃത്വം എടുക്കുമെന്നാണ് പ്രവർത്തകർ പറയുന്നത്. ആരെയും പിണക്കാതെ തിരഞ്ഞെടുപ്പിന് മുൻപ് ഘടകകക്ഷികളെ ചേർത്ത് പിടിക്കാൻ ബദ്ധപ്പെടുകയാണ് നേതൃത്വം.
അതേസമയം, ഈ തെരഞ്ഞെടുപ്പിൽ കൊച്ചി കോർപ്പറേഷനിലെ 76 ഡിവിഷനുകളിലും ട്വന്റി 20 മത്സരിക്കുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു. അധികാരത്തിൽ വന്നാൽ കൊച്ചി നഗരത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തും, കൊച്ചിയെ മാലിന്യ മുക്തമാക്കും, കൊതുക് നിർമാർജ്ജനം നടപ്പിലാക്കും, കുടിവെള്ള ക്ഷാമം പരിഹരിക്കും, ഗതാഗത കുരുക്കിന് പരിഹാരം കണ്ടെത്തും, വെള്ളക്കെട്ട് ഇല്ലാതാക്കും തുടങ്ങി വാഗ്ദാനങ്ങളുമായി ട്വന്റി 20 തെരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമായിക്കഴിഞ്ഞു.
