എറണാകുളം: മഹാരാജാസ് കോളേജും മഹാരാജാസ് അലുംനി അസോസിയേഷനും (എംഎഎ) സംയുക്തമായി സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷങ്ങളോടൊപ്പം ഭരണഭാഷാ വാരാഘോഷങ്ങൾക്കും തുടക്കമായി. എഴുത്തുകാരിയും കോളേജിലെ പൂർവ്വ വിദ്യാർത്ഥിനിയുമായ ശ്രീകുമാരി രാമചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയോടനുബന്ധിച്ച്, മഹാരാജാസ് അലുംനി അസോസിയേഷൻ്റെ ഔദ്യോഗിക വെബ്‌സൈറ്റ് പൂർവ്വ വിദ്യാർത്ഥിയും സിംബയോസിസ് യൂണിവേഴ്സിറ്റി പ്രൊഫസറും മുൻ അംബാസിഡറുമായ കെ പി ഫാബിയൻ ഉദ്ഘാടനം ചെയ്തു. ശ്രീകുമാരി രാമചന്ദ്രനും കെ.പി. ഫാബിയനും തങ്ങളുടെ കലാലയ അനുഭവങ്ങൾ പങ്കുവെച്ചതിനോടൊപ്പം മലയാള ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചും അന്താരാഷ്ട്ര സമൂഹത്തിൽ കേരളത്തിൻ്റെ സ്ഥാനത്തെക്കുറിച്ചും സംസാരിച്ചു.
കോളേജ് പ്രിൻസിപ്പാൾ ഡോ. ജി.എൻ. പ്രകാശ് അധ്യക്ഷനായ ചടങ്ങിൽ ഗവണിംഗ് ബോഡിയംഗം ഡോ. എം എസ് മുരളി, ഐ ക്യു എ സി കോർഡിനേറ്റർ ഡോ. പി കെ ശ്രീകുമാർ, നെറ്റ്സ്റ്റേജർ ടെക്‌നോളജിസ് പ്രതിനിധി ഹൃദ്യ, അലുംനി അസോസിയേഷൻ പ്രസിഡൻ്റ് ഡോ. ടി വി സുജ, കോഡിനേറ്റർ ഡോ. ജെ കുമാർ എന്നിവർ സംസാരിച്ചു. കോളേജിനുള്ള അലൂമിനി വെബ്സൈറ്റ് സ്പോൺസർ ചെയ്ത ഇൻ്റലിഫ്ലോ ഇന്ത്യ എന്ന അമേരിക്കൻ സോഫ്റ്റ്‌വെയർ കമ്പനിയുടെ ഡയറക്ടറും പൂർവ്വ വിദ്യാർത്ഥിയുമായ ഗണേഷ് എസ്, വെബ്സൈറ്റ് വികസിപ്പിച്ചെടുത്ത കമ്പനിയുടെ പ്രതിനിധികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
