കൊച്ചി: 2018 പ്രളയകാലത്തെ ദുരിതം നഗരത്തിൽ ആവർത്തിക്കാതിരിക്കാൻ കൃത്യമായ ഇടവേളകളിൽ പേരണ്ടൂർ കനാലിലെയും കാനകളിലെയും ചെളി നീക്കം ഉറപ്പാക്കണമെന്നും ക്ലീനിങ് കലണ്ടറും ഡ്രെയ്നേജ് ഭൂപടവും തയാറാക്കി ചിട്ടയായ നടപടി വേണമെന്നും ഹൈക്കോടതി. 2018 മുതൽ കോടതിയുടെ പരിഗണനയിലുള്ള ‘വെള്ളക്കെട്ട്’ ഹർജികൾ തീർപ്പാക്കിയ കോടതി, മുല്ലശേരി കനാൽ നവീകരണം പൂർത്തിയാക്കുന്നതുൾപ്പെടെ തുടർ നടപടികളുടെ ചുമതല കലക്ടറുടെ നേതൃത്വത്തിലുള്ള സമിതിക്കു നൽകി. സമിതി ഇടയ്ക്കിടെ യോഗം ചേരണം, കോടതിക്കു റിപ്പോർട്ട് നൽകണം. അമിക്കസ് ക്യൂറിമാർ സേവനം തുടരണമെന്നും റിപ്പോർട്ട് നൽകണമെന്നും വേണ്ടിവന്നാൽ കോടതി ഇടപെട്ടു നിർദേശങ്ങൾ നൽകുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
കോടതി ഉത്തരവുകൾ:
- ക്ലീനിങ് കലണ്ടർ തയാറാക്കി കനാലുകളിലെ ചെളി നീക്കുന്ന ജോലികൾ ഇറിഗേഷൻ വകുപ്പും കാനകളിലെ ചെളി നീക്കം ചെയ്യേണ്ട ജോലികൾ കോർപറേഷനും നിർവഹിക്കണം.
- റെയിൽവേ കലുങ്കുകളുടെ ശുചീകരണം ഉറപ്പാക്കണം.
- പേരണ്ടൂർ ഉൾപ്പെടെ കനാലുകളിൽ മാലിന്യം തള്ളുന്നതിനെതിരെ കോർപറേഷന്റെയും പൊലീസിന്റെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും ജാഗ്രത തുടരണം.
- കലൂർ അറവുശാലയിൽ നിന്നു പേരണ്ടൂർ കനാലിലേക്കു മാലിന്യം തള്ളുന്നില്ലെന്ന് ഉറപ്പാക്കണം.
- മുല്ലശ്ശേരി കനാൽ നവീകരണം പൂർത്തിയാക്കണം, റെയിൽവേ കലുങ്ക് നിർമാണം നടപ്പാക്കണം.
- എല്ലാവർഷവും മഴക്കാലത്തിന് മുൻപ് പേരണ്ടൂർ കനാലിലെ ചെളി നീക്കം ഉറപ്പാക്കണം.
- ഡ്രെയ്നേജ് ഭൂപടം തയാറാക്കി ശാസ്ത്രീയ ശുപാർശകളുടെ അടിസ്ഥാനത്തിൽ കാനകൾ മെച്ചപ്പെടുത്താൻ നടപടിയെടുക്കണം.
കൊച്ചി നഗരത്തെ നന്നാക്കുംവരെ വിശ്രമമില്ലെന്നു കോടതി
കൊച്ചി∙ നഗരത്തിലെ വെള്ളക്കെട്ടിന് ഒരു പരിധി വരെ പരിഹാരം ഉണ്ടാക്കിയതു കോടതിയുടെ നിരന്തര ഇടപെടലുകൾ. 2018 മുതൽ നൂറോളം ഉത്തരവുകൾ നൽകി. ഹർജി തീർപ്പാക്കിയെങ്കിലും ലക്ഷ്യം നേടുംവരെ വിശ്രമിക്കാനാവില്ലെന്നു പറഞ്ഞ കോടതി, തുടർന്നും റിപ്പോർട്ടുകൾ വിലയിരുത്തുമെന്നു വ്യക്തമാക്കി. വലിയ മാറ്റത്തിന് ഇടയാക്കിയ ഇടക്കാല ഉത്തരവുകളാണ് ഉണ്ടായത്. ഹോട്ടൽ മാലിന്യമടക്കം കാനകളിൽ തള്ളുന്നതു തടഞ്ഞു.
കനാലുകളിലും കാനകളിലും മാലിന്യം തള്ളുന്നതു കുറ്റമാക്കി. കനാലിലേക്കു മാലിന്യം വലിച്ചെറിയാതിരിക്കാൻ വേലികൾ വന്നു. ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ മൂന്നാം ഘട്ടമായി നടപ്പാക്കുന്ന മുല്ലശ്ശേരി കനാൽ നവീകരണം പൂർത്തിയായിട്ടില്ല. റെയിൽവേ കലുങ്ക് പുനർനിർമിക്കാൻ ആവശ്യപ്പെട്ടതു ചെയ്തിട്ടില്ല. എന്നാൽ വെള്ളം ചീറ്റി ചെളി നീക്കിയിരുന്നു. പേരണ്ടൂർ ഉൾപ്പെടെ കനാലുകളുടെ പുനരുദ്ധാരണം പൂർത്തിയാകാനുണ്ട്. ഡ്രെയ്നേജ് ഭൂപടവും കനാൽ, കനാൽ ക്ലീനിങ് കലണ്ടറും തയാറായിട്ടില്ല. ഈ യുദ്ധം ഇനിയും കഴിഞ്ഞിട്ടില്ലെന്നു കോടതി ഓർമിപ്പിച്ചു.
