കൊച്ചി; നഗരത്തിലെ കാർ പാർക്കിങ് ഇനി തലവേദനയാകില്ല. പാർക്കിങ് ഏരിയ ബുക്ക് ചെയ്‌ത് വാഹനം പാർക്ക് ചെയ്യുന്നതിനടക്കം സൗകര്യങ്ങളുള്ള സ്‌മാർട്ട് പാർക്കിങ് മാനേജ്‌മെന്റ് സിസ്‌റ്റം (പാർകൊച്ചി) തയ്യാർ. ഉദ്‌ഘാടനം ചൊവ്വ പകൽ 12ന് സിഎസ്‌എംഎൽ കൺട്രോൾ റൂമിൽ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ നിർവഹിക്കും. വാഹന പാർക്കിങ്ങിലും ഇതരനഗരങ്ങൾക്ക് പദ്ധതിയിലൂടെ മാതൃകയാകുകയാണ് കൊച്ചി. കൊച്ചി കോർപറേഷൻ, ജിസിഡിഎ, കൊച്ചി മെട്രോ, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സഹകരണത്തോടെ സിഎസ്‌എംഎല്ലും കൊച്ചി മെട്രോ പൊളിറ്റൻ ട്രാൻസ്‌പോർട്ട് അതോറ്റിയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. 4.81 കോടിയാണ് സിഎസ്‌എംഎൽ ഇതിനായി ചെലവിട്ടത്. പദ്ധതിവഴി നഗരത്തിലെ ഗതാഗതസംവിധാനം കൂടുതൽ ജനസൗഹൃദവും കാര്യക്ഷമവുമാകും. വാഹനങ്ങൾ അനായാസമായി പാർക്ക് ചെയ്യാനാകും.
ബുക്ക് ചെയ്യാൻ മൊബൈൽ ആപ്
പാർകൊച്ചി മൊബെൽ ആപ്പാണ് പദ്ധതിയുടെ മുഖ്യസവിശേഷതകളിലൊന്ന്. ഇതിൽ പാർക്കിങ് സ്ഥലങ്ങളുടെ വിവരങ്ങളുണ്ട്. തെരഞ്ഞെടുത്ത സ്ഥലത്ത് പാർക്ക് ചെയ്യാനുള്ള ഇടങ്ങളുടെ എണ്ണം ഉൾപ്പെടെ അറിയാനാകും. വാഹനം പാർക്ക് ചെയ്യുന്ന സ്ഥലം, കാറിന്റെ നന്പർ, സമയം എന്നിവ നൽകി ബുക്ക് ചെയ്യണം. ഒപ്പം പണവും അടയ്‌ക്കാം. ഉദ്‌ഘാടനത്തിനുശേഷം അധികം വൈകാതെ ആപ് ലഭ്യമാക്കും.
നേരിട്ട് എത്താം
പാർക്കിങ്ങ് സ്ഥലത്ത് എത്തി ടിക്കറ്റിങ് മെഷീൻ വഴി പണമടച്ചും പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഓട്ടോമാറ്റിക് ഫാസ്‌റ്റ് ടാഗ് ടിക്കറ്റിങ്ങുമുണ്ട്. ഗൂഗിൾ മാപ്പ് സഹായത്തോടെ പാർക്കിങ്ങിന് തെരഞ്ഞെടുത്ത സ്ഥലത്തേക്ക് വഴികാണിക്കും മൊബൈൽ ആപ്.
30 കേന്ദ്രങ്ങൾ, 2000 പാർക്കിങ് ഇടങ്ങൾ
ആദ്യഘട്ടമെന്ന നിലയിൽ കൊച്ചി മെട്രോ, കോർപറേഷൻ, ജിസിഡിഎ, ഡിടിപിസി എന്നിവയ്‌ക്ക് കീഴിലുള്ള 30 കേന്ദ്രങ്ങളിലായി 2000 പാർക്കിങ് ഇടങ്ങളുടെ വിവരങ്ങളാണ് ആപ്പിൽ ഉൾക്കൊള്ളിക്കുന്നത്. മുഴുവൻ മെട്രോ സ്‌റ്റേഷനുകളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. മറൈൻഡ്രൈവ്, ബോട്ടുജെട്ടി, ദർബാർ ഗ്രൗണ്ട്, ജിസിഡിഎ കോംപ്ലക്‌സ്, ചേംബർ ഓഫ് കൊമേഴ്‌സ്, എറണാകുളം മാർക്കറ്റ്, പി ടി ഉഷറോഡ് തുടങ്ങിയ കേന്ദ്രങ്ങളിലും പാർക്കിങ് ഇടങ്ങളുണ്ട്.
വാഹന നന്പർ പാർക്കിങ് കേന്ദ്രത്തിലെ ഓട്ടോമാറ്റിക് നന്പർ പ്ലേറ്റ് റക്കഗ്‌നിഷൻ സിസ്‌റ്റം തിരിച്ചറിയും. ഇതോടെ ബൂം ബാരിയേഴ്‌സ് മാറും. തുടർന്ന് വാഹനം അകത്തേക്ക് കയറ്റാം. എഐ കാമറ ഉൾപ്പെടെ സ്ഥാപിച്ചിട്ടുണ്ട്. പാർക്കിങ് കേന്ദ്രങ്ങളിൽ എത്ര ഒഴിവുകളുണ്ടെന്ന് മനസ്സിലാക്കാൻ ഡിജിറ്റൽ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.
