Posted in

കോർപ്പറേഷനിൽ സ്ഥാനാർത്ഥി ചർച്ചകൾ സജീവം, വിമതഭീഷണിയിൽ പാർട്ടികൾ

Congress, CPM, BJP flags. File photo

കൊച്ചി : തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിൻ്റെ സ്ഥാനാർത്ഥി നിർണ്ണ‌യവുമായി ബന്ധപ്പെട്ട്‌ കൊച്ചി കോർപ്പറേഷനിലെ വിവിധ പാർട്ടികളിൽ വിമതശബ്‌ദങ്ങൾ ഉയരുന്നു. തെരഞ്ഞെടുപ്പിന്‌ മത്സരിക്കാൻ തയ്യാറെടുത്തിരുന്നവരുടെ ഡിവിഷനുകൾ സംവരണമായതോടെ, ഇതര ഡിവിഷനുകൾ ആവശപ്പെട്ടുന്നതും നേതാക്കളുടെ ചില കടുംപിടുത്തങ്ങളും തലമുറ മാറ്റങ്ങളും ആവശ്യപ്പെട്ടുമൊക്കെയുളള ചർച്ചകളും വിവിധയിടങ്ങളിൽ അവസാനിക്കുന്നത്‌ വാഗ്വാദങ്ങളിലും വെല്ലുവിളികളിലും ഭീഷണികളിലുമാണ്. ഒരു വശത്ത്‌ സംവരണ സ്ഥാനാർത്ഥികളെ കിട്ടാത്തതിനാൽ തല പുകഞ്ഞ്‌ നിൽക്കുന്ന നേതൃത്വത്തോട് ജനറൽ ഡിവിഷനുകളിലെ ആവശ്യങ്ങളുമായി അസ്ഥാനത്ത്‌ വിവാദങ്ങൾ ഉയർത്തുന്നതാണ്‌ നിലവിൽ കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത്‌. വിവിധ പാർട്ടികൾക്കുളളിലെ ഉൾപ്പോരുകൾ പുറത്തേക്ക്‌ നീങ്ങുന്നത്‌ മറ്റു പാർട്ടിക്കാർ ഏറ്റെടുത്ത്‌ സമൂഹമാധ്യമങ്ങളിലൂടെ തർക്കവിഷയമാക്കുകയാണ്‌. ഇതോടെ കോർപ്പറേഷനിൽ വിവിധ വാട്സ്‌ ആപ്‌ ഉൾപ്പെടെയുളള സമൂഹമാധ്യമങ്ങളിൽ പാർട്ടി പ്രവർത്തകർ തമ്മിലും പാർട്ടിക്കകത്തുളളവർ തമ്മിലും യുദ്ധം മുറുകുന്നത്‌ പാർട്ടി നേതൃത്വത്തിന്‌ തലവേദനയാകുകയാണ്‌. തെരഞ്ഞെടുപ്പ്‌ മുന്നിൽ കണ്ട്‌ ചെയ്യുന്ന പല വികസനപ്രവർത്തനങ്ങളും തെരഞ്ഞെടുപ്പ്‌ പ്രചരണത്തിനായി നീക്കി വച്ചിരിക്കുന്ന വിഷയങ്ങളുമെല്ലാം ഇലക്ഷൻ പ്രഖ്യാപിക്കുന്നതിന്‌ മുമ്പേ പുറം ലോകം അറിയുകയാണ്‌. മുന്നണികളിലും ഘടകക്ഷികൾ തമ്മിലുളള പതിവ്‌ തർക്കങ്ങളും ഇതോടൊപ്പം ശക്‌തി പ്രാപിക്കുന്നുണ്ട്‌. പ്രചരണത്തിന്‌ മുമ്പേയുളള എതിരഭിപ്രായങ്ങൾ കൂടുതൽ വിമത സ്ഥാനാർത്ഥികളെ സമ്മാനിക്കുന്നതും വിചിത്ര സഖ്യങ്ങളിലേക്കുമാണ്‌ പല ഡിവിഷനുകളിലും കാര്യങ്ങൾ നീങ്ങുന്നത്‌. ഇതിനിടെ, സാഹചര്യങ്ങൾ മുതലെടുത്ത്‌ പ്രചരണം ഉൾപ്പെടെ നേരത്തേ ആരംഭിച്ചിരിക്കുകയാണ്‌ ചില ചെറുപാർട്ടികളും നവപാർട്ടികളും. അടുത്ത മാസം അഞ്ചാം തീയതിയോടെ തെരഞ്ഞെടുപ്പ്‌ പ്രഖാപനം വരുമെന്ന ധാരണയിൽ പാർട്ടികളുടെ സ്ഥാനാർത്ഥി ധാരണകളും മറ്റും അതിന്‌ മുന്നേ തീർക്കാനാവൻ കഴിയാതെ കുഴങ്ങുകയാണ്‌ കോർപ്പറേഷനിലെ വിവിധ പാർട്ടി നേതാക്കൾ.


Leave a Reply

Your email address will not be published. Required fields are marked *