കൊച്ചി; ഇന്‍ഫോപാര്‍ക്കിലേക്കുള്ള കൊച്ചി മെട്രോ രണ്ടാംഘട്ടം നിര്‍മാണത്തിലെ നിർണായക പ്രവൃത്തികളിലേക്ക് കടന്ന് കെഎംആർഎൽ. പൂര്‍ത്തിയായ തൂണുകള്‍ക്കുമുകളില്‍ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ തുടങ്ങി. ആദ്യഗര്‍ഡര്‍ ഇന്‍ഫോപാര്‍ക്ക് എക്‌സ്‌പ്രസ് വേയിലെ 284, 285 പില്ലറുകള്‍ക്കു മുകളില്‍ വെള്ളിയാഴ്‌ച പുലര്‍ച്ചെ സ്ഥാപിച്ചു. കളമശേരിയിലെ കാസ്റ്റിങ് യാര്‍ഡില്‍ നിര്‍മിച്ച 170 ടണ്‍ ഭാരമുള്ള യു–ഗര്‍ഡര്‍, ട്രെയിലര്‍ ഉപയോഗിച്ച് പദ്ധതി സ്ഥലത്തെത്തിച്ചു. തുടർന്ന്, ക്രെയിന്‍ ഉപയോഗിച്ചാണ് തൂണുകളിലെ പിയര്‍ ക്യാപ്പില്‍ ഉറപ്പിച്ചത്. ഇന്‍ഫോപാര്‍ക്ക് എക്സ്പ്രസ് വേ പാതയിലുള്ള തൂണുകളില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഗര്‍ഡര്‍ സ്ഥാപിക്കുന്ന പ്രവൃത്തി തുടരും. സെസ്, ആലിന്‍ചുവട്, വാഴക്കാല സ്റ്റേഷനുകളുടെ സമീപമായി 65 തൂണുകളുടെ നിര്‍മാണം പൂര്‍ത്തിയായി. 18 തൂണുകളില്‍ പിയര്‍ ക്യാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. മെട്രോപാതയ്ക്കുള്ള 875 പൈലുകളും സ്റ്റേഷനുകള്‍ക്കുള്ള 260 പൈലുകളും ഉള്‍പ്പെടെ മൊത്തം 1135 പൈലുകളുടെ നിര്‍മാണവും പൂര്‍ത്തിയായി. കളമശേരിയിലെ കാസ്റ്റിങ് യാര്‍ഡില്‍ ഗര്‍ഡറുകളുടെയും പിയര്‍ ക്യാപ്പുകളുടെയും നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. 100 യു–ഗര്‍ഡറുകളുടെയും 72 ഐ–ഗര്‍ഡറുകളുടെയും 100 പിയര്‍ ക്യാപ്പുകളുടെയും നിര്‍മാണം ഇതുവരെ പൂര്‍ത്തിയായി. ട്രാക്ക് നിര്‍മാണത്തിനുള്ള ടെൻഡറിങ് നടപടികളും പുരോഗമിക്കുന്നു.
മെട്രോ രണ്ടാംഘട്ടം ; ഇന്‍ഫോപാര്‍ക്ക് എക്‌സ്‌പ്രസ് വേയിൽ ആദ്യഗർഡർ സ്ഥാപിച്ചു
