കൊച്ചി
എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ കിരീടപോരാട്ടം ചൊവ്വാഴ്‌ച. പകൽ മൂന്നിന് ഇടുക്കിയും തൃശൂരും തമ്മിലാണ് കലാശക്കളി. തിങ്കള്‍ വൈകിട്ട് നടന്ന രണ്ടാംസെമിയില്‍ ആലപ്പുഴയെ എതിരില്ലാത്ത നാലുഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇടുക്കി ഫൈനല്‍ ഉറപ്പാക്കിയത്. ഇരട്ടഗോള്‍ നേടിയ ക്യാപ്റ്റന്‍ വിബിന്‍ വിധുവാണ് കളിയിലെ താരം. ആദ്യപകുതിയില്‍ ആലപ്പുഴയുടെ മികച്ച രണ്ട് അവസരങ്ങള്‍ ഇടുക്കി ഗോളി സി ഫര്‍ഹാന്‍ രക്ഷപ്പെടുത്തിയിരുന്നു. ഇടവേളയ്‌ക്ക് തൊട്ടുമുമ്പ് അജ്മല്‍ കാജയാണ് (43) ഇടുക്കിയെ മുന്നിലെത്തിച്ചത്. 56–ാം മിനിറ്റില്‍ വിബിന്‍ വിധു രണ്ടാംഗോള്‍ നേടി. ആലപ്പുഴ തിരിച്ചുകയറാന്‍ ശ്രമിക്കുന്നതിനിടെ ഫാരിസ് അലിയിലൂടെ (53) ഇടുക്കി മൂന്നാംഗോളും കുറിച്ചു. ഒരുഗോളെങ്കിലും എതിര്‍വലയിലെത്തിക്കാന്‍ ആലപ്പുഴ തീവ്രശ്രമം നടത്തുന്നതിനിടെ വിബിന്‍ വിധു നാലാംഗോള്‍ നേടി. ചൊവ്വ രാവിലെ 7.30ന് ലൂസേഴ്‌സ് ഫൈനലില്‍ കോട്ടയം ആലപ്പുഴയെ നേരിടും.
