നവീകരിച്ച എറണാകുളം ടൗൺഹാൾ ധനമന്ത്രി കെ എൻ ബാലഗോപാൽ നാടിന് സമർപ്പിച്ചു. മേയർ എം അനിൽകുമാർ അധ്യക്ഷനായി. 3.5 കോടി രൂപ മുടക്കി ആധുനികരീതിയിൽ ഇരിപ്പിടങ്ങളും വെളിച്ചവിതാനവുമൊരുക്കിയും ശീതീകരിച്ചുമാണ് നവീകരിച്ചത്.
ഹാളിന്റെ അകത്തളങ്ങൾ മുഴുവനും ഭംഗിയാക്കി ഫ്ലോർ നവീകരിക്കുകയും എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. കസേരകളും മനോഹരമാക്കി. സ്റ്റേജ് നവീകരിച്ച് എൽഇഡി വാൾ ഉൾപ്പെടെ സജ്ജമാക്കി. സൗണ്ട് സിസ്റ്റവും പുതിയതാക്കി, റാമ്പുകൾ സജ്ജീകരിക്കുകയും പുറത്ത് വാട്ടർ ഫൗണ്ടൻ ഉൾപ്പെടെ മനോഹരമാക്കുകയും ചെയ്‌തിട്ടുണ്ട്. ന്യായനിരക്കിലുള്ള വാടകമാത്രം ഇൗടാക്കാനാണ് കൗൺസിൽ തീരുമാനം.
ചടങ്ങിൽ ടി ജെ വിനോദ് എംഎൽഎ, ഡെപ്യൂട്ടി മേയർ കെ എ അൻസിയ, സ്ഥിരംസമിതി അധ്യക്ഷരായ സി എ ഷക്കീർ, ഡി വത്സലകുമാരി, കൗൺസിലർ സുധ ദിലീപ്‌കുമാർ, നഗരസഭ സെക്രട്ടറി പി എസ് ഷിബു, ടി എ അമ്പിളി, ഡേവിഡ് ജോൺ ഡി മോറിസ് തുടങ്ങിയവർ സംസാരിച്ചു.



