തൃപ്പൂണിത്തുറ : തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര പാണ്ടിപ്പറമ്പ് റോഡിൽ വിരിച്ച റോഡിൽ വിരിച്ച സിമന്റ് കട്ടകൾ ഇളകിയ നിലയിൽ. ഇതോടെ പണി കിട്ടിയത് ഇരുചക്രവാഹന യാത്രക്കാർക്കാണ്. കട്ടകൾ ഇളകി കിടക്കുന്നതറിയാതെ വാഹനങ്ങൾ ഇതുവഴി വരുമ്പോൾ മറിഞ്ഞുവീണ് അപകടങ്ങൾ ഉണ്ടാകുന്ന സംഭവങ്ങൾ അനവധിയാണ്. ഒറ്റനോട്ടത്തിൽ കട്ടകൾ ഇളകിക്കിടക്കുന്നതായി മനസ്സിലാവില്ലെങ്കിലും പതിയിരിക്കുന്ന അപകടം ചെറുതല്ല. തൃപ്പൂണിത്തുറ നഗരസഭാ പ്രദേശത്തുതന്നെ അടുത്തിടെ കട്ട വിരിച്ച റോഡുകളിൽപ്പോലും കട്ടകൾ ഇളകിയാണ് കിടക്കുന്നത്.
നഗരസഭാ എൻജിനിയറിങ് വിഭാഗത്തിന്റെ തികഞ്ഞ അനാസ്ഥയാണ് ഇതിന് കാരണമെന്ന് വലിയ പരാതിയുണ്ട്. തകർന്ന ടാർ റോഡുകളിൽ ടാർ ഇളക്കിയിട്ടശേഷം കട്ട വിരിക്കുന്നത് ശാസ്ത്രീയമായിട്ടല്ല ചെയ്യുന്നത് എന്നതുകൊണ്ടാണ് റോഡുകളിൽ പെട്ടെന്ന് കട്ടകൾ ഇളകാൻ കാരണമെന്നാണ് നിഗമനം.
ഉദ്യോഗസ്ഥരുടെ മേൽനോട്ടമില്ലാതെയാണ് ലക്ഷങ്ങളുടെ റോഡ് നിർമാണങ്ങൾ നടക്കുന്നതെന്ന ആരോപണവുമുണ്ട്. തൃപ്പൂണിത്തുറ അമ്പനാട്ട് റോഡ്, ഒഇഎൻ റോഡ്, പാണ്ടിപ്പറമ്പ് റോഡ്, കണ്ണൻകുളങ്ങര റോഡ്, തറമേക്കാവ് റോഡ് തുടങ്ങിയ റോഡുകളിലെ ഇൻറർലോക്ക് കട്ടകളുടെ സ്ഥിതി പരിതാപകരമാണ്. ചിലയിടത്ത് അറ്റകുറ്റപ്പണികൾ ചെയ്തെങ്കിലും അതൊന്നും പ്രശ്നപരിഹാരമായിട്ടില്ല. കട്ടകൾ ശരിയാക്കി റോഡുകളിലെ അപകടസാധ്യത ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
