Posted in

പൾസ്‌ പോളിയോ: 
ആദ്യദിനം 90.6 ശതമാനം

തേവര അർബൻ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നടന്ന പൾസ് പോളിയോദിന ജില്ലാ ഉദ്ഘാടനം സ്വന്തം കുഞ്ഞിന് 
തുള്ളിമരുന്ന് നൽകി കലക്ടർ ജി പ്രിയങ്ക നിർവഹിക്കുന്നു

കൊച്ചി: പൾസ് പോളിയോ ദിനത്തിൽ ജില്ലയിൽ അഞ്ചുവയസ്സിനുതാഴെയുള്ള കുട്ടികളിൽ 90.6 ശതമാനം പേർക്കും തുള്ളിമരുന്ന് നൽകി. ആകെ 1,89,737 കുട്ടികൾക്കാണ് പൾസ്‌ പോളിയോ നൽകാൻ ലക്ഷ്യമിട്ടത്. ഇതിൽ 1,71,983 കുട്ടികൾക്കും നൽകി. ഇതിൽ 5083 ഇതരസംസ്ഥാന തൊഴിലാളി കുട്ടികളും ഉൾപ്പെടുന്നു.

1947 ബൂത്തുകളാണ് ജില്ലയിൽ സജ്ജീകരിച്ചത്. സർക്കാർ ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ, അങ്കണവാടികൾ, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ കൂടാതെ ബസ്‌സ്റ്റാൻഡ്‌, റെയിൽവേസ്റ്റേഷൻ, ബോട്ടുജെട്ടി, മെട്രോസ്റ്റേഷൻ, എയർപോർട്ട്, എന്നിവിടങ്ങളിലായി 51 കേന്ദ്രങ്ങളിൽ ട്രാൻസിറ്റ് ബൂത്തുകളിലും സേവനം ലഭ്യമാക്കി. ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും സേവനമെത്തിക്കാൻ 64 മൊബൈൽ ടീമുകൾ സജ്ജമാക്കിയിരുന്നു. ഞായറാഴ്‌ച പോളിയോ എടുക്കാൻ കഴിയാത്തവർക്ക്‌ ആരോഗ്യപ്രവർത്തകർ അടുത്ത രണ്ടുദിവസങ്ങളിൽ വീടുകളിലെത്തി വാക്‌സിൻ നൽകും.

പൾസ് പോളിയോദിനത്തിൽ തേവര അർബൻ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലത്തി തന്റെ രണ്ടുകുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് നൽകി കലക്ടർ ജി പ്രിയങ്ക. വാക്സിനേഷന്റെ പ്രാധാന്യം മനസ്സിലാക്കി എല്ലാ രക്ഷിതാക്കളും കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് ഉറപ്പുവരുത്തണമെന്ന് പൾസ് പോളിയോ ദിന ജില്ലാ പരിപാടി ഉദ്ഘാടനം ചെയ്ത് കലക്ടർ പറഞ്ഞു.ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. എം എസ് രശ്മി, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പ്രസ്‌ലിൻ ജോർജ്, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. കെ കെ ആശ, ജില്ലാ എഡ്യുക്കേഷൻ മീഡിയ ഓഫീസർ ജി രജനി, ടെക്നിക്കൽ അസിസ്റ്റന്റ് എസ് ബിജോഷ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *