Posted in

ശനിയാഴ്ച മുതൽ രണ്ട്‌ ജലമെട്രോ ടെർമിനലുകൾ കൂടി

പൈതൃകനഗരമായ പശ്ചിമകൊച്ചിയിലേക്കുള്ള വിനോദസഞ്ചാര കവാടമായി മാറാൻ രണ്ട്‌ ജലമെട്രോ ടെർമിനലുകൾകൂടി. കഴിഞ്ഞ വർഷം ഏപ്രിലിൽ ഫോർട്ടുകൊച്ചി ടെർമിനൽ പ്രവർത്തനമാരംഭിച്ചതിന്‌ പിന്നാലെയാണ്‌ കേരളത്തിന്റെ സ്വന്തം ജലമെട്രോയുടെ മട്ടാഞ്ചേരി, വില്ലിങ്ടൺ ഐലൻഡ്‌ ടെർമിനലുകൾ ശനിയാഴ്‌ച തുറക്കുന്നത്‌. ഇതോടെ ഏറ്റവും കൂടുതൽ വിദേശ, ആഭ്യന്തര വിനോദസഞ്ചാരികളെ ആകർഷിക്കുന്ന രാജ്യത്തെ പ്രധാന പൈതൃക നഗരത്തിലേക്കുള്ള പ്രധാന വഴിയും വാതിലുമായിമാറും മൂന്ന്‌ ജലമെട്രോ ടെർമിനലുകൾ.

ജലമെട്രോ പ്രവർത്തനമാരംഭിച്ച്‌ ഒരുവർഷത്തിനകമാണ്‌ ഫോർട്ടുകൊച്ചി ടെർമിനൽ തുറന്നത്‌. വിനോദസഞ്ചാരത്തോടൊപ്പം തദ്ദേശീയരുടെ ദൈനംദിന യാത്രാവശ്യങ്ങൾക്കും ജലമെട്രോ ഗുണകരമാകും. ജലമെട്രോ ഓപ്പറേറ്റ്‌ ചെയ്യുന്ന അഞ്ച്‌ റൂട്ടുകളിൽ ഏറ്റവും അധികം യാത്രാത്തിരക്കുള്ള റൂട്ടും ഇപ്പോൾ ഇതാണ്‌. കൊച്ചി കായലിലേക്ക്‌ ഇറങ്ങിനിൽക്കുംവിധം നിർമിച്ചിട്ടുള്ള മട്ടാഞ്ചേരി, ഐലൻഡ്‌ ടെർമിനലുകളിലേക്ക്‌ ഒറ്റ ട്രിപ്പിൽത്തന്നെ പോകാവുന്ന വിധമാണ്‌ റൂട്ട്‌ ക്രമീകരിക്കുന്നത്‌. 38 കോടി രൂപയാണ്‌ രണ്ട്‌ ടെർമിനലിനുംകൂടി നിർമാണച്ചെലവ്‌. ഡച്ച്‌ കൊട്ടാരത്തിന്‌ വിളിപ്പാടകലെയാണ്‌ 8,000 ചതുരശ്രയടിയുള്ള മട്ടാഞ്ചേരി ടെർമിനൽ. ഐലൻഡിൽ പഴയ ഫെറി ജെട്ടിക്കുസമീപം നിർമിച്ചിട്ടുള്ള ടെർമിനൽ പ്രദേശത്തിന്റെ വാണിജ്യ പ്രാധാന്യത്തെ എടുത്തുകാട്ടുന്നതാണ്‌. ഹൈക്കോടതി ടെർമിനലിൽനിന്നുതന്നെയാണ്‌ മട്ടാഞ്ചേരി, ഐലൻഡ്‌ സർവീസുകളും ഓപ്പറേറ്റ്‌ ചെയ്യുക.

രാവിലെ 7.30 മുതൽ രാത്രി 9 വരെ 125 ട്രിപ്പുകളാണ് വിവിധയിടങ്ങളിലേക്ക്‌ ജലമെട്രോ ദിവസവും നടത്തുന്നത്. സർവീസ് തുടങ്ങി ആദ്യത്തെ 107 ദിവസംകൊണ്ട് 10 ലക്ഷം യാത്രക്കാരെ സ്വന്തമാക്കിയ ജലമെട്രോ അടുത്ത 95 ദിവസംകൊണ്ട് യാത്രക്കാരുടെ എണ്ണം 20 ലക്ഷമാക്കി. പിന്നീടുള്ള 185 ദിവസംകൊണ്ട് യാത്രക്കാരുടെ എണ്ണം 30 ലക്ഷവും 160 ദിവസംകൊണ്ട് 40 ലക്ഷവുമായി. തുടർന്നുള്ള 161 ദിവസംകൊണ്ട് 50 ലക്ഷവും പിന്നിട്ടാണ്‌ പുതിയ റെക്കോഡുകൾ ലക്ഷ്യമിട്ട്‌ മട്ടാഞ്ചേരിക്ക്‌ യാത്രയാകുന്നത്‌

Leave a Reply

Your email address will not be published. Required fields are marked *