Posted in

സിറ്റിഗ്യാസ് പദ്ധതി: അവലോകന യോഗം

കൊച്ചി: മീറ്റർ റീഡിംഗ്, ബിൽതുക അടവാക്കൽ, പ്രവൃത്തി നിർവഹണത്തിനായി കുഴിച്ച റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി തീർക്കുന്നതിൽ ഏജൻസിയുടെ ഭാഗത്ത് നിന്നുള്ള കാലതാമസം എന്നിവയുമായി ബന്ധപ്പെട്ട് സിറ്റിഗ്യാസ് പദ്ധതി അവലോകന യോഗം ചേർന്നു. കുഴിച്ച റോഡുകളുടെ വിവരങ്ങളും റിസ്റ്റോറേഷൻ പ്ലാനും അടങ്ങിയ ചാർട്ട് തയ്യാറാക്കി മേയർ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനി​യർ എന്നിവർക്ക് നൽകിയതിനുശേഷം 15 ദിവസത്തിനുള്ളിൽ പ്രവൃത്തികൾ പൂർത്തീകരിക്കണമെന്ന് നിർദ്ദേശം നൽകി. റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ, ഗ്യാസ് കണക്ഷൻ ഇനി ലഭിക്കുവാനുള്ള വീടുകൾ എന്നിവ സംബന്ധിച്ച അവലോകനയോഗം 5 ദിവസം കൂടുമ്പോൾ നടത്തുന്നതിന് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനെ ചുമതലപ്പെടുത്തി.

ഗ്യാസ് കണക്ഷന്റെ ബില്ല് സംബന്ധിച്ച് ഉപഭോക്താക്കൾക്ക് എസ്.എം.എസ് വഴിയും വാട്ട്‌സ്ആപ്പ് വഴിയും സന്ദേശങ്ങൾ ലഭിക്കുന്നത് ദേശീയതലത്തിൽ നടക്കുന്ന സ്‌കാമിന്റെ ഭാഗമാണെന്നും അതിനെതിരെ ഏജൻസി പൊലീസ് കമ്മി​ഷണർക്ക് പരാതി നൽകിയിട്ടുണ്ടെന്നും അവർ അറിയിച്ചു. ഇന്ത്യൻ ഓയിൽ, അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേയ്‌മെന്റ് ലിങ്ക് മുഖേന മാത്രമേ സിറ്റിഗ്യാസ് പദ്ധതിയുടെ ബിൽതുക അടയ്ക്കാൻ സാധിക്കൂ എന്ന് ഏജൻസി അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഏതെങ്കിലും രീതിയിൽ സംശയനിവാരണം ആവശ്യമുണ്ടെങ്കിൽ അതത് ഡിവിഷൻ കൗൺസിലർമാരെ സമീപിക്കണമെന്ന് മേയർ അഡ്വ.എം. അനിൽകുമാർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *