70 കോടി ചെലവിട്ട് ജവഹർ ലാൽ
നെഹ്റു സ്റ്റേഡിയം പുതുക്കിപ്പണിയുന്നെന്ന്
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി
എംഡി ആന്റോ അഗസ്റ്റിൻ-
അൻപതിനായിരം കാണികൾക്ക് മത്സരം കാണാനാകും
മെസിയുടേയും അർജന്റീന ടീമിന്റേയും കൊച്ചിയിലെ മത്സരത്തിനായി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ നിർമാണപ്രവർത്തികൾ തുടങ്ങി. 70 കോടി രൂപ ചിലവിട്ടാണ് അന്താരാഷ്ട്ര നിലവാരത്തിൽ സ്റ്റേഡിയം പുതുക്കിപ്പണിയുന്നതെന്ന് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിൻ പറഞ്ഞു.
ഫിഫ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്, ഭാവിയിൽ ഫിഫ മത്സരങ്ങൾ സംഘടിപ്പിക്കാവുന്ന തരത്തിലാണ് നിർമാണം. പിച്ച് രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തും. അത്യാധുനിക ലൈറ്റിങ് സംവിധാനമാണ് സജ്ജമാക്കുന്നത്. അൻപതിനായിരം കാണികൾക്ക്
മത്സരം കാണാനാകുന്ന തരത്തിലാണ് സ്റ്റേഡിയത്തിൽ സജ്ജീകരണങ്ങൾ ഒരുക്കുന്നത്. വിവിഐപി ഗ്യാലറികളും വിവിഐപി പവലിയനും ഒരുക്കും. സ്റ്റേഡിയത്തിന്റെ സുരക്ഷയുറപ്പാക്കാനും നടപടികൾ പുരോഗമിക്കുന്നു. സീലിങ്ങിന്റെ സ്ട്രെങ്തനിങ് ഉൾപ്പെടെ നടത്തും. സ്റ്റേഡിയത്തിന്റെ ചുറ്റും അറ്റകുറ്റപ്പണികൾ നടത്തുമെന്നും റിപ്പോർട്ടർ എംഡി അറിയിച്ചു. ജിസിഡിഎയിൽ നിന്ന് സ്റ്റേഡിയം ഏറ്റെടുത്ത് നിർമാണം തുടങ്ങി. ടിക്കറ്റ് നിരക്കുൾപ്പെടെയുള്ള കാര്യങ്ങളിൽ ഈ ആഴ്ച തന്നെ പ്രഖ്യാപനമുണ്ടാകും. ടിക്കറ്റ് നിരക്ക് സംബന്ധിച്ച് നിലവിൽ
പ്രചരിക്കുന്നത് വ്യാജവിവരങ്ങളാണെന്നും സ്പോൺസർമാരായ റിപ്പോർട്ടർ ടിവി അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ മന്ത്രിമാരായ വി അബ്ദുറഹ്മാൻ, പി രാജീവ്, എംബി രാജേഷ് തുടങ്ങിയവർ പങ്കെടുത്ത യോഗ തീരുമാനങ്ങൾ നടപ്പാക്കുന്നതിനായി
ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിന്റെ മേൽനോട്ടത്തിൽ സമിതി രൂപീകരിച്ചിട്ടുണ്ട്. ഡി.ജി.പി റവാഡ ചന്ദ്രശേഖറിന്റെ മേൽനോട്ടത്തിലാണ് സുരക്ഷയൊരുക്കുന്നത്.
ജില്ലാ കലക്ടർ ജി പ്രിയങ്ക നിർമാണ പുരോഗതി വിലയിരുത്തുന്നുണ്ട്. മെസിയേയും ലോകകപ്പ് നേടിയ അർജന്റീന ടീമിനേയും കാണാൻ എല്ലാ ഫുട്ബോൾ പ്രേമികൾക്കും അവസരം ഒരുക്കുന്ന തരത്തിലാകും സജ്ജീകരണങ്ങൾ.

