കളമശേരി: വയോജനങ്ങളുടെ അറിവും അനുഭവവും ഉപയോഗിച്ച് സമൂഹത്തിന് ഗുണങ്ങളുണ്ടാക്കാനാകുമെന്ന ആശയമാണ് കൃഷിക്കൊപ്പം കളമശേരി എന്ന പദ്ധതിയിലൂടെ മന്ത്രി പി രാജീവ് വെയ്ക്കുന്നതെന്ന് ഡോ.ടി എം തോമസ് ഐസക് പറഞ്ഞു. കളമശേരി കാർഷികോത്സവ നഗറിൽ വയോജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒറ്റപ്പെടുന്ന വയോജനങ്ങൾക്ക് ഓൾഡേജ് ഹോമുകൾ ഗുണകരമാണെങ്കിലും അവയെ ഉൾക്കൊള്ളാവുന്ന സാംസ്കാരിക പരിസരവും സാമ്പത്തിക സുരക്ഷിതത്വവും കേരളത്തിനില്ല. വ്യായാമമുറകൾ ശരീര ആരോഗ്യം നിലനിർത്തുന്നതു പോലെ സാമൂഹ്യ ഇടപെടൽ മാനസിക ആരോഗ്യം നിലനിർത്താൻ സഹായിക്കും. വയോജനങ്ങളുടെ ക്ഷേമത്തിൽ സർക്കാർ വലിയ പരിഗണനയാണ് നൽകുന്നത്. ഇതിൽ ഒരു കേരളമാതൃക സൃഷ്ടിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ മന്ത്രി പി രാജീവ് ചടങ്ങിൽ അധ്യക്ഷനായി. കളമശേരി നിയോജക മണ്ഡലത്തെ വയോജന സൗഹൃദമാക്കാൻ ‘വയോജനങ്ങൾക്കൊപ്പം’ പരിപാടി നടപ്പാക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. വയോജന സംഗമത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്ഥാപനങ്ങളിൽ വയോജന സംഗമം സംഘടിപ്പിക്കും. വയോജനങ്ങളുടെ ഓർമ്മക്കുറിപ്പുകൾ ശേഖരിച്ച് കളമശേരി ഓർമ്മകളിലൂടെ പുസ്തകമിറക്കുമെന്നും മന്ത്രി പറഞ്ഞു. മുൻ എംഎൽഎ എ എം യൂസഫ്,സംഘാടക സമിതി ചെയർമാൻ വി എം ശശി,ജനറൽ കൺവീനർ എം പി വിജയൻ, എം എസ് നാസർ തുടങ്ങിയവർ സംസാരിച്ചു.
കൃഷിക്കൊപ്പം കളമശേരി’വയോജനങ്ങളെ നാടിന് വേണം: ടി എം തോമസ് ഐസക്ക്
