കൊച്ചി: ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കുന്നതിനു മുന്നോടിയായി വെണ്ടുരുത്തി പാലം ബലപ്പെടുത്താൻ 2.90 കോടി രൂപയുടെ പദ്ധതിക്ക് അനുമതി. വെണ്ടുരുത്തി പാലം ഭക്ഷണത്തെരുവും ടൂറിസം കേന്ദ്രവുമാക്കി മാറ്റുന്ന പദ്ധതി മലയാള മനോരമ 2022 ജൂണിൽ കൊച്ചിയിൽ സംഘടിപ്പിച്ച ടൂറിസം സെമിനാറിലാണു മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചത്.ടൂറിസം കേന്ദ്രമായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി പാലത്തിന്റെ ഉറപ്പു പരിശോധിക്കാനും പൊതുമരാമത്തു വകുപ്പിനു നിർദേശം നൽകിയിരുന്നു. പാലത്തിനു ബലക്ഷയമുണ്ടെന്നുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു ബലപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കാൻ പൊതുമരാമത്തു വകുപ്പ് എസ്റ്റിമേറ്റ് തയാറാക്കിയത്. എസ്റ്റിമേറ്റിനു മരാമത്തു വകുപ്പ് വർക്കിങ് ഗ്രൂപ്പ് അംഗീകാരം നൽകുകയും സർക്കാർ ഭരണാനുമതി നൽകുകയും ചെയ്തു.വെണ്ടുരുത്തി പാലത്തെ പൈതൃക, വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതിയിലെ പ്രധാനപ്പെട്ട കാര്യമാണു പാലം ബലപ്പെടുത്തുകയെന്നതെന്നു ടി.ജെ.വിനോദ് എംഎൽഎ പറഞ്ഞു. പാലത്തിൽ ഫൂഡ് സ്ട്രീറ്റ് നിർമിക്കുന്നതിനും മറ്റുമായി ഒരു കോടി രൂപയുടെ പദ്ധതിക്കു നേരത്തേ അനുമതി ലഭിച്ചിട്ടുണ്ട്. ബലപ്പെടുത്തൽ ജോലികൾ പൂർത്തിയായാൽ ടൂറിസം പദ്ധതി നടപ്പാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.പാലത്തിൽ സജ്ജമാക്കേണ്ട ഫൂഡ് സ്ട്രീറ്റിന്റെ രൂപകൽപന കുമാർ ഗ്രൂപ്പ് തയാറാക്കിയിട്ടുണ്ട്. ആളുകൾക്കു പാലത്തിനു മുകളിലിരുന്നു ഭക്ഷണം കഴിക്കാനും പ്രകൃതിസൗന്ദര്യം ആസ്വദിക്കാനും കഴിയുന്ന തരത്തിലാണു രൂപകൽപന. യുഎസിലെ കെൻസസ് സിറ്റിയിലെ റോക്ക് ഐലൻഡ് ബ്രിജ് ഇത്തരത്തിൽ ടൂറിസം കേന്ദ്രമാക്കി വികസിപ്പിച്ചതാണ്. കൊച്ചി തുറമുഖത്തിന്റെ ശിൽപിയായ റോബർട്ട് ബ്രിസ്റ്റോയാണു വെണ്ടുരുത്തി പാലം നിർമിച്ചത്. കൊച്ചി നഗരത്തിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച പാലമാണിത്. 2011ൽ സമാന്തരമായി പുതിയ പാലം നിർമിച്ചതോടെയാണു പഴയ വെണ്ടുരുത്തി പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിയത്.
വെണ്ടുരുത്തി പാലം ഭക്ഷണത്തെരുവും ടൂറിസം കേന്ദ്രവുമാക്കും; 2.90 കോടിയുടെ പദ്ധതിക്ക് അനുമതി: പാലം ബലപ്പെടുത്തും
