കൊച്ചി : ചർച്ചകൾ ധാരാളം നടക്കുന്നുണ്ടെങ്കിലും എങ്ങുമെത്താതെ തുടരുകയാണ് പ്രമുഖ പാർട്ടികളുടെയെല്ലാം ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി നിർണ്ണയം. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമ്പോഴേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിക്കും എന്നതായിരുന്നു പാർട്ടി നേതൃത്വങ്ങളുടെയെല്ലാം ഉറപ്പ്. എന്നാൽ, പാർട്ടിക്കുള്ളിലെ തന്നെ ഭിന്നതകളും സ്ഥാനാർത്ഥി ആകാനുള്ളവരുടെ എണ്ണത്തിലുള്ള ബാഹുല്യവും പാർട്ടി നേതൃത്വങ്ങളെ വെട്ടിലാക്കിയിരിക്കുകയാണ്.
സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായ ഡിവിഷനുകളിൽ പോലും സ്ഥാനാർത്ഥികളുടെ പേരുവിവരങ്ങൾ പുറത്തു വിടാൻ ഒരു പാർട്ടി നേതൃത്വങ്ങളും ഒരുക്കമല്ല. പിന്നീട് എന്തെങ്കിലും മാറ്റങ്ങൾ വരുത്തേണ്ടി വന്നാൽ ഉണ്ടായേക്കാവുന്ന പിണക്കങ്ങൾ ഒഴിവാക്കാനാണ് പാർട്ടി നേതൃത്വങ്ങൾ ശ്രമിക്കുന്നത്. ഏതെങ്കിലും രീതിയിൽ പ്രശ്നങ്ങൾ ഉടലെടുത്ത് സ്വന്തമായി മത്സരിക്കുന്ന സാഹചര്യങ്ങൾ വന്നാൽ തങ്ങൾക്ക് കിട്ടിയേക്കാവുന്ന വോട്ടിന്റെ എണ്ണത്തിൽ കുറവുണ്ടാകുമെന്ന കൃത്യമായ ധാരണ നേതൃത്വങ്ങൾക്ക് ഉണ്ട്. എല്ലാവരുടെയും അഭിപ്രായങ്ങൾ മാനിച്ച് സമവായത്തിൽ എത്തുക എന്നത് പാർട്ടി നേതൃത്വത്തെ സംബന്ധിച്ച് ശ്രമകരമായ ജോലിയാണ്.
പുത്തൻകുരിശ്, കോലഞ്ചേരി തുടങ്ങിയ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ ട്വന്റി 20 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചരണം ആരംഭിച്ചു കഴിഞ്ഞു. ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാത്തത് അണികളെയും അസ്വസ്ഥരാക്കിയിട്ടുണ്ട്. സീറ്റിനുവേണ്ടിയുള്ള തമ്മിലടിയും ഗ്രൂപ്പ് തിരിയലും എല്ലാം ഒരു യഥാർത്ഥ ജനപ്രതിനിധിക്ക് യോജിച്ചതല്ല എന്നാണ് വോട്ടർമാരുടെ അഭിപ്രായം.
