കൊച്ചി: കിരീടത്തിലേക്ക് മിന്നൽക്കുതിപ്പുമായി കോതമംഗലവും മാർ ബേസിലും. 169 പോയിന്റോടെയാണ് ഉപജില്ലകളിൽ കോതമംഗലം കിരീടത്തിലേക്ക് പറക്കുന്നത്. 24 സ്വർണവും 14 വെള്ളിയും ആറ് വെങ്കലവുമാണ് കോതമംഗലം താരങ്ങൾ ഇതിനകം നേടിയത്. 102 പോയിന്റുള്ള അങ്കമാലിയാണ് രണ്ടാമത്. 11 സ്വർണവും ആറ് വെള്ളിയും ഒന്പത് വെങ്കലവുമുണ്ട്. 44 പോയിന്റുമായി വൈപ്പിൻ മൂന്നാംസ്ഥാനത്താണ്. മൂന്ന് സ്വർണവും ആറ് വെള്ളിയും നാല് വെങ്കലവുമാണ് വൈപ്പിനുള്ളത്.
സ്‌കൂളിൽ കോതമംഗലം മാർ ബേസിലിന്റെ ആധിപത്യം തുടരുകയാണ്. 125 പോയിന്റുമായി ബഹുദൂരം മുന്നിലാണ് മാർ ബേസിൽ. സ്വർണം 18, വെള്ളി 10, വെങ്കലം അഞ്ച് എന്നിങ്ങനെയാണ് മെഡൽനില. 39 പോയിന്റുള്ള സെന്റ് സ്‌റ്റീഫൻസ് കീരന്പാറയാണ് രണ്ടാംസ്ഥാനത്ത്. ആറ് സ്വർണവും മൂന്ന് വെള്ളിയുമാണ് സെന്റ് സ്‌റ്റീഫൻസിന്. മൂക്കന്നൂർ എസ്‌എച്ച്‌ഒഎച്ച്‌എസാണ് മൂന്നാമത്, 27 പോയിന്റ്. രണ്ട് സ്വർണവും നാല് വെള്ളിയും അഞ്ച് വെങ്കലവുമാണ് നേടിയത്. മേളയുടെ രണ്ടാംദിനത്തിലെ താരങ്ങളായത് അദബിയ ഫർഹാനും ഡാനിൽ ഷാജിയുമാണ്. ഹാട്രിക് സ്വർണനേട്ടവുമായാണ് രണ്ടാംദിനം ഇരുവരും സ്വന്തമാക്കിയത്.
ജൂനിയർ ആൺകുട്ടികളുടെ 4 X 100 മീറ്റർ റിലേയിൽ അങ്കമാലി ഒന്നാമതായി. മത്സരം അവസാനിച്ചപ്പോൾ റെക്കോഡ് സമയത്തോടെ അങ്കമാലി ഒന്നാമതെത്തിയെന്നായിരുന്നു ഫലപ്രഖ്യാപനം. എന്നാൽ, റെക്കോഡില്ലെന്ന് പിന്നീടുള്ള പരിശോധനയിൽ വ്യക്തമായി. മഹാരാജാസ് കോളേജ് ഗ്രൗണ്ടിലെ മത്സരങ്ങൾ തിങ്കളാഴ്‌ച അവസാനിക്കും. ചൊവ്വയും ബുധനും കോതമംഗലം എംഎ കോളേജ് ഗ്രൗണ്ടിലാണ് മത്സരം. പോൾവാട്ട്, ത്രോ ഇനങ്ങളാണ് ഇവിടെ നടക്കുക.
