Posted in

മർദ്ദനക്കേസ്: നടി ലക്ഷ്മി മേനോന് മുൻകൂർ ജാമ്യം

കൊച്ചി: നഗരത്തിലെ ‘വെലോസിറ്റി’ പബ്ബിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഐ.ടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് അവശനാക്കിയ കേസിൽ മൂന്നാം പ്രതിയായ നടി ലക്ഷ്മി ആർ. മേനോന് മുൻകൂർ ജാമ്യം. പ്രശ്നം ഒത്തുതീർപ്പാക്കിയെന്നും പരാതി തെറ്റിദ്ധാരണയുടെ പേരിലാണെന്നും കക്ഷികൾ അറിയിച്ച സാഹചര്യത്തിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ആരോപിക്കുന്ന കുറ്റകൃത്യം ഗുരുതരമാണെങ്കിലും ഇരുകൂട്ടരുടെയും സത്യവാങ്മൂലം കണക്കിലെടുത്താണ് ഹർജിക്കാരിക്ക് ജാമ്യം അനുവദിക്കുന്നതെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി. നടിയുടെ അറസ്റ്റ് കോടതി നേരത്തേ താത്കാലികമായി വിലക്കിയിരുന്നു. ആഗസ്റ്റ് 24ന് രാത്രി പബ്ബിൽ വച്ച് പരാതിക്കാരനും സുഹൃത്തുക്കളും നടിയെയും കൂട്ടുകാരിയെയും അവഹേളിച്ചെന്ന് ആരോപണമുണ്ടായിരുന്നു. പിന്നീട് കാറിൽ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ചു. ഇതിനിടെ ലക്ഷ്മിയുടെ സുഹൃത്തുക്കൾ പരാതിക്കാരനെ വാഹനത്തിൽ ബലമായി കയറ്റിക്കൊണ്ടുപോയി മർദ്ദിച്ചെന്നാണ് കേസ്. എറണാകുളം നോർത്ത് പൊലീസ് എഫ്.ഐ.ആ‌ർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ അറസ്റ്റിന് സാദ്ധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടി കോടതിയെ സമീപിച്ചത്. ഒട്ടേറെ മലയാളം, തമിഴ് സിനിമകളിലെ നായികയാണ് ലക്ഷ്മി മേനോൻ.

Leave a Reply

Your email address will not be published. Required fields are marked *