കൊച്ചി: ശബരിമല സ്വർണക്കൊള്ളയിലെ വിവാദനായകൻ ഉണ്ണിക്കൃഷ്ണൻ പോറ്റി മുൻ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ റിയൽ എസ്റ്റേറ്റ് ബെനാമിയാണെന്ന് ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ ആരോപിച്ചു. ശബരിമല വിഷയത്തിൽ ബി.ജെ.പി എറണാകുളം ജില്ലാ കമ്മിറ്റി കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അയ്യപ്പന്റെ സ്വർണം മോഷണംപോയിട്ട് നിയമസഭയിലോ വാർത്താസമ്മേളനം വിളിച്ചോ വിശദീകരിക്കാൻ മുഖ്യമന്ത്രി തയ്യാറാകാത്തത് ഭൂരിപക്ഷ സമുദായത്തോടുള്ള അവഹേളനമാണ്. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ക്രമക്കേട് കണ്ടെത്തിയിട്ടും ദേവസ്വം ഉദ്യോഗസ്ഥൻ മുരാരി ബാബുവിനെ സംരക്ഷിച്ചത് എന്തിനെന്ന് മന്ത്രി വി.എൻ. വാസവൻ വിശദീകരിക്കണം. സ്വന്തം മണ്ഡലത്തിലെ അമ്പലക്കൊള്ള ദേവസ്വംമന്ത്രി അറിഞ്ഞില്ലേയെന്ന് അദ്ദേഹം ചോദിച്ചു. പിണറായിയുടെ പൊലീസല്ല, കേന്ദ്ര എജൻസി അന്വേഷിച്ചാലേ ശബരിമലയിലെ സത്യം പുറത്തുവരുകയുള്ളുവെന്ന് മുരളീധരൻ പറഞ്ഞു.
ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെ.എസ്. രാധാകൃഷ്ണൻ, ജില്ലാ പ്രസിഡന്റുമാരായ എം.എ. ബ്രഹ്മരാജ്, അഡ്വ.കെ.എസ്. ഷൈജു, പി.പി. സജീവ്, സംസ്ഥാന ജോയിന്റ് ട്രഷറർ എ. അനൂപ്, സംസ്ഥാന വക്താക്കളായ കെ.വി.എസ് ഹരിദാസ്, അഡ്വ.ടി.പി. സിന്ധുമോൾ, പി.ആർ. ശിവശങ്കരൻ, ദേശീയ കൗൺസിൽ അംഗം പി.എം. വേലായുധൻ, സംസ്ഥാനസമിതി അംഗം വി.എൻ. വിജയൻ, മേഖലാ ജനറൽ സെക്രട്ടറി പി.എൽ. ബാബു, ഉപാദ്ധ്യക്ഷരായ എൻ.പി. ശങ്കരൻകുട്ടി, എം.എൻ .ഗോപി, സെക്രട്ടറിമാരായ സി. നന്ദകുമാർ, കെ.എസ്. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
