Posted in

ബൈക്കുകള്‍ കൂട്ടിയിടിച്ചു മലയാളി യുവാവിന് ദാരുണാന്ത്യം

തലയോലപ്പറമ്പ്: തമിഴ്നാട് തഞ്ചാവൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തലയോലപ്പറമ്പ് ഇടവട്ടം സ്വദേശിയായ യുവാവ് മരിച്ചു. ഇടവട്ടം രാഗരശ്മിയില്‍ പരേതനായ മുരളീധരന്‍ പിള്ളയുടെ മകന്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് തഞ്ചാവൂര്‍ നാഗപട്ടണം റീജനല്‍ ഓഫിസിലെ ജീവനക്കാരന്‍ എം രാഹുല്‍ (36) ആണ് മരിച്ചത്. തിങ്കളാഴ്ച ജോലികഴിഞ്ഞു സ്‌പോര്‍ട്സ് മീറ്റില്‍ പങ്കെടുത്തശേഷം താമസ സ്ഥലത്തേക്കു മടങ്ങുന്നതിനിടെ രാത്രി ഒന്‍പതിനായിരുന്നു അപകടം. റോഡില്‍ തലയടിച്ചു വീണ രാഹുലിനെ തമിഴ്നാട് പൊലീസ് എത്തി തിരുവാരൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാഹുലിന്റെ ലൈസന്‍സില്‍ നിന്നും വിലാസം കണ്ടെത്തി ഇന്നലെ രാവിലെ എട്ടോടെയാണ് വിവരം വീട്ടുകാരെ അറിയിച്ചത്. നടപടികള്‍ പൂര്‍ത്തീകരിച്ചു മൃതദേഹം ഇന്നു രാവിലെ വീട്ടിലെത്തിച്ച് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പില്‍ സംസ്‌കാരം നടത്തും. ഇന്നലെ ഇടവട്ടത്തെ വീട്ടിലേക്കു വരാനിരിക്കെയാണ് അപകടം സംഭവിച്ചത്. മാതാവ്: കൃഷ്ണകുമാരി, ഭാര്യ: പൂര്‍ണിമ മോഹന്‍ (ആലപ്പുഴ ചെക്കിടിക്കാവ് എടത്വ കാര്‍ത്തിക കുടുംബാംഗം) മകന്‍: ഇഷാന്‍ കൃഷ്ണ (വെള്ളൂര്‍ ഭവന്‍സ് സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥി).

Leave a Reply

Your email address will not be published. Required fields are marked *